കൊൽക്കത്ത : പശ്ചിമ ബംഗാളിലെ അധികാരമാറ്റത്തിന് തൊട്ടുപിന്നാലെ, അതിർത്തി സുരക്ഷ സംബന്ധിച്ച ചരിത്രപരമായ തീരുമാനവുമായി മുഖ്യമന്ത്രി സുവേന്ദു അധികാരി . ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ വേലി കെട്ടുന്നതിനായി 27 കിലോമീറ്റർ ഭൂമി സംസ്ഥാന സർക്കാർ ബിഎസ്എഫിന് കൈമാറി . മമത ബാനർജിയുടെ മുൻ സർക്കാർ മുടക്കിയിട്ട പദ്ധതിയാണ് സുവേന്ദു അധികാരി സർക്കാർ അധികാരമേറ്റ് രണ്ടാഴ്ചയ്ക്കുള്ളിൽ വിജയകരമായി നടപ്പിലാക്കിയത്.
മാത്രമല്ല സംസ്ഥാനത്തെ അതിർത്തി സുരക്ഷിതമാക്കാൻ ആവശ്യമുള്ളിടത്തെല്ലാം കൂടുതൽ ഭൂമി നൽകുമെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര സർക്കാരും ബിഎസ്എഫും ഈ ഭൂമി വേലി കെട്ടുന്നതിനായി വളരെക്കാലമായി ആവശ്യപ്പെട്ടിരുന്നുവെന്ന് സുവേന്ദു അധികാരി ചൂണ്ടിക്കാട്ടി.
“ വേലി കെട്ടുന്നതിനായി 27 കിലോമീറ്റർ ഭൂമിയും, കുറച്ച് ബിഒപി (ബോർഡർ ഔട്ട്പോസ്റ്റ്) ഭൂമിയും, ബിഎസ്എഫ് അടിസ്ഥാന സൗകര്യ വികസന ഭൂമിയും കൈമാറാൻ ഞങ്ങൾ തയ്യാറാണ്, തുടക്കമെന്ന നിലയിൽ, 27 കിലോമീറ്റർ ദൂരം സുരക്ഷിതമാക്കാൻ ആവശ്യമായ ഭൂമി ബിഎസ്എഫിന് നൽകുന്നു ” മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സുവേന്ദു അധികാരി പറഞ്ഞു.
“പശ്ചിമ ബംഗാളിൽ, ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന മൊത്തം 2,200 കിലോമീറ്റർ അതിർത്തിയിൽ ഏകദേശം 1,600 കിലോമീറ്റർ ഇതിനകം വേലികെട്ടി കഴിഞ്ഞു. ഏകദേശം 600 കിലോമീറ്റർ ഇപ്പോഴും വേലികെട്ടാതെ കിടക്കുന്നുണ്ട് . വേലികെട്ടലിനും അതിർത്തി സുരക്ഷയ്ക്കും എവിടെ ഭൂമി ആവശ്യമുണ്ടെങ്കിലും ഞങ്ങൾ അത് ബിഎസ്എഫിന് കൈമാറും,” അദ്ദേഹം പറഞ്ഞു.
വോട്ട് ബാങ്ക് രാഷ്ട്രീയവും പ്രീണന നയങ്ങളും കാരണം അതിർത്തി അടിസ്ഥാന സൗകര്യങ്ങളിൽ സഹകരിക്കുന്നതിൽ മമത സർക്കാർ പരാജയപ്പെട്ടുവെന്ന് സുവേന്ദു അധികാരി ആരോപിച്ചു.അതിർത്തി പ്രദേശങ്ങളിലെ ബിഎസ്എഫ്, സംസ്ഥാന പോലീസ്, ജില്ലാ ഭരണകൂടം എന്നിവ തമ്മിലുള്ള ഏകോപനം വർഷങ്ങളായി ദുർബലമായെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറേ വർഷങ്ങളായി, അതിർത്തി പ്രദേശങ്ങളിലെ ബിഎസ്എഫും സംസ്ഥാന പോലീസും ഭരണകൂടവും തമ്മിലുള്ള ഏകോപന യോഗങ്ങൾ നടന്നിട്ടില്ല. ജില്ലാതല ഏകോപന സംവിധാനം ഇപ്പോൾ പുനരുജ്ജീവിപ്പിച്ചിട്ടുണ്ട് . ജില്ലാ ഏകോപന യോഗങ്ങൾ ഇപ്പോൾ ആരംഭിച്ചു, ഇനി ഇവ പതിവായി നടക്കും,” മുഖ്യമന്ത്രി പറഞ്ഞു.
അനധികൃത കുടിയേറ്റം സംബന്ധിച്ച് കർശനമായ നയം പ്രഖ്യാപിച്ചുകൊണ്ട്, പോലീസ് പിടികൂടുന്ന നുഴഞ്ഞുകയറ്റക്കാരെ ബി.എസ്.എഫിന് കൈമാറുന്നതിനുള്ള വ്യവസ്ഥ സംസ്ഥാനം നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“നുഴഞ്ഞുകയറ്റക്കാരെ നേരിട്ട് ബി.എസ്.എഫിന് കൈമാറുന്നത് സംബന്ധിച്ച് കഴിഞ്ഞ വർഷം കേന്ദ്രം സംസ്ഥാനത്തിന് കത്ത് അയച്ചിരുന്നു, എന്നാൽ മുൻ സർക്കാർ ഈ സുപ്രധാന വ്യവസ്ഥ നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടു. ഞങ്ങൾ ഇപ്പോൾ അത് നടപ്പിലാക്കിയിട്ടുണ്ട്. സി.എ.എയുടെ പരിധിയിൽ വരാത്തവരെ നുഴഞ്ഞുകയറ്റക്കാരായി കണക്കാക്കും. സംസ്ഥാന പോലീസ് അവരെ അറസ്റ്റ് ചെയ്ത് ബി.എസ്.എഫിന് കൈമാറും. അത്തരം ആളുകളെ പിന്നീട് നാടുകടത്തുമെന്നും “ അദ്ദേഹം പറഞ്ഞു.

