കൊൽക്കത്ത : നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം തൃണമൂൽ നടത്തിയ ആദ്യ പ്രതിഷേധ പരിപാടിയിൽ നിന്ന് വിട്ട് നിന്ന് ടിഎംസി നിയമസഭാംഗങ്ങൾ . 80 എംഎൽഎമാരിൽ 35 പേർ മാത്രമാണ് പരിപാടിയിൽ പങ്കെടുത്തത് . തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് ശേഷം പാർട്ടി പുനഃസംഘടിപ്പിക്കാൻ പാടുപെടുന്ന സമയത്താണ് തൃണമൂലിലെ ആഭ്യന്തര കലഹം.
പ്രതിഷേധ പരിപാടിയിലെ എം എൽ എ മാരുടെ അഭാവം പുതിയ രാഷ്ട്രീയ ചർച്ചകൾക്കും തുടക്കമിട്ടു. പാർട്ടി താഴേയ്ക്കിടയിലേയ്ക്ക് ഇറങ്ങി ചെല്ലുന്നതിനെ കേന്ദ്രീകരിച്ചുള്ള ആഭ്യന്തര ചർച്ചകൾ നടന്നതിനു പിന്നാലെയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചത് .
തെരഞ്ഞെടുപ്പിനു ശേഷമുള്ള അക്രമത്തിൽ പ്രതിഷേധിച്ച് ടിഎംസി എംഎൽഎമാരിൽ ഒരു വിഭാഗം നിയമസഭാ വളപ്പിലെ അംബേദ്കർ പ്രതിമയ്ക്ക് സമീപം കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു . 15 വർഷത്തെ ഭരണത്തിനുശേഷം പ്രതിപക്ഷത്തേയ്ക്ക് എത്തിയ തൃണമൂൽ പാർട്ടിയുടെ ആദ്യത്തെ ഏകോപിത പ്രക്ഷോഭമാണിത്. പ്രതിഷേധത്തിനെത്തിയവരിൽ സോവന്ദേബ് ചതോപാധ്യായ, നയന ബാനർജി, കുനാൽ ഘോഷ്, എന്നിവരും ഉൾപ്പെടുന്നു.
പ്രതിപക്ഷ നേതാവായി പാർട്ടി തിരഞ്ഞെടുത്ത മുതിർന്ന ടിഎംസി എംഎൽഎ സോവന്ദേബ് ചട്ടോപാധ്യായ, ആഭ്യന്തര കലഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞു. പാർട്ടി മേധാവി മമത ബാനർജിയും ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും പങ്കെടുത്ത യോഗത്തിൽ, തിരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്ന് തെരുവ് പ്രക്ഷോഭങ്ങളിൽ നിന്ന് പാർട്ടി നേതൃത്വം വിട്ടുനിൽക്കുന്നതായി ചില എംഎൽഎമാർ ആശങ്ക പ്രകടിപ്പിച്ചതായി പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
“അടച്ചിട്ട മുറികൾക്കുള്ളിൽ യോഗങ്ങൾ നടത്തുന്നത്” നഷ്ടപ്പെട്ട രാഷ്ട്രീയ അടിത്തറ വീണ്ടെടുക്കാൻ ഒരു പാർട്ടിയെ സഹായിക്കില്ലെന്ന് നിരവധി നിയമസഭാംഗങ്ങൾ പറഞ്ഞതായി റിപ്പോർട്ടുണ്ട്.

