ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നെസ്സ് എന്ന പേരിൽ ലോകത്തിലെ അൻപതിലധികം രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്ന സംഘടനയാണ് ISKCON. ശ്രീകൃഷ്ണനെ ദൈവമായി ആരാധിക്കുന്ന ഗൗഡീയ വൈഷ്ണവ പ്രസ്ഥാനമാണ് ഇത്. ഹരേ കൃഷ്ണ മൂവ്മെന്റ് എന്ന പേരിലും ഇസ്കോൺ അറിയപ്പെടുന്നു.
അഭയ് ചരണാരവിന്ദ ഭക്തിവേദാന്ത സ്വാമി പ്രഭുപാദയാണ് ഇസ്കോൺ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ. 1966ൽ ന്യൂയോർക്കിൽ സ്ഥാപിതമായ ഇസ്കോണിൽ നിലവിൽ 10 ലക്ഷത്തിലധികം വിശ്വാസികൾ ഉണ്ടെന്നാണ് കണക്ക്. വിഖ്യാത സംഗീത ബാൻഡായ ബീറ്റിൽസിലെ ഗിറ്റാറിസ്റ്റ് ജോർജ്ജ് ഹാരിസൺ ഉൾപ്പെടെയുള്ള പ്രമുഖർ ഇസ്കോണിന്റെ ആശയങ്ങളിൽ ആകൃഷ്ടരായി പ്രവർത്തിച്ചിട്ടുണ്ട്.
ഭഗവത് ഗീത, ശ്രീമഹാഭാഗവതം എന്നിവയാണ് ഇസ്കോണിന്റെ പ്രാമാണിക ഗ്രന്ഥങ്ങൾ. സസ്യാഹാരികളാണ് വിശ്വാസികൾ. ബംഗാളിലെ മായാപൂരാണ് ഇസ്കോണിന്റെ ഇന്ത്യയിലെ ആസ്ഥാനം. ലോകത്താകമാനം സ്കൂളുകൾ ഉൾപ്പെടെ എഴുനൂറോളം സാംസ്കാരിക കേന്ദ്രങ്ങൾ ഇസ്കോണിന്റെ അധീനതയിൽ ഉണ്ട്.
വംശീയ കലാപം രൂക്ഷമായ ബംഗ്ലാദേശിൽ, ഹൈന്ദവ സമൂഹത്തിന് നേരെ നടക്കുന്ന ആക്രമണങ്ങളെ ലോകശ്രദ്ധയിൽ എത്തിക്കാൻ ചിറ്റഗോംഗിൽ നിന്നുള്ള ഇസ്കോൺ ആചാര്യൻ ചിന്മയ് കൃഷ്ണദാസ് പരിശ്രമങ്ങൾ ആരംഭിച്ചതോടെയാണ് സമാധാനപ്രിയരായ ഇസ്കോൺ വിശ്വാസികൾ ബംഗ്ലാദേശ് സർക്കാരിന്റെ കണ്ണിലെ കരടായത്. തുടർന്ന് മതനിന്ദ, രാജ്യദ്രോഹം എന്നീ കുറ്റങ്ങൾ ചുമത്തി ബംഗ്ലാദേശ് സർക്കാർ ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തു. ചിന്മയ് കൃഷ്ണദാസിനെ വിട്ടയക്കണമെന്ന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ബംഗ്ലാദേശിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.