കൊച്ചി: പുലിപ്പല്ല് കേസിൽ റാപ്പർ വേടൻ കുരുക്കിലേയ്ക്ക് . പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം . കൊൽക്കത്തയിലെ സുവോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ലാണെന്ന് വ്യക്തമായത് . കേസിൽ വനം വകുപ്പ് ഉടൻ കുറ്റപത്രം സമർപ്പിക്കും.
പുലിപ്പല്ല് അനധികൃതമായി കൈവശം വച്ചതിനും മൃഗവേട്ടയ്ക്കും വേടനെതിരെ നേരത്തെ കേസെടുത്തിരുന്നു. പുലിപ്പല്ല് തായ്ലൻഡിൽ നിന്ന് വാങ്ങിയതാണെന്നായിരുന്നു വേടൻ ആദ്യം പറഞ്ഞത്. പിന്നീട് തമിഴ്നാട്ടിലെ ഒരു ആരാധകൻ തനിക്ക് സമ്മാനിച്ചതാണെന്ന് മൊഴി മാറ്റി പറഞ്ഞു.
കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത കേസിലാണ് റാപ്പർ വേടൻ ആദ്യം അറസ്റ്റിലായത്. ഫ്ലാറ്റിൽ നിന്ന് അഞ്ച് ഗ്രാം കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹിൽ പാലസ് പോലീസ് ഫ്ലാറ്റിൽ പരിശോധന നടത്തിയത്. താൻ കഞ്ചാവ് ഉപയോഗിച്ചതായി വേടനും പോലീസിനോട് സമ്മതിച്ചിരുന്നു. ഇതിനിടെയാണ് വേടൻ ധരിച്ചിരുന്ന പുലിപ്പല്ല് കെട്ടിയ മാല പോലീസ് ശ്രദ്ധിക്കുന്നത്. തുടർന്ന് ഇക്കാര്യം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു.
പരിശോധനയിൽ പുലിപ്പല്ലാണെന്ന് സ്ഥിരീകരിച്ചതോടെ വേടനെതിരെ മൃഗവേട്ട ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി വനംവരുപ്പ് കേസെടുത്തിരുന്നു. കഞ്ചാവ് കേസിൽ ജാമ്യം ലഭിച്ച വേടനെ വനംവകുപ്പ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് ഈ കേസിലും വേടൻ ജാമ്യത്തിലിറങ്ങിയിരുന്നു.

