വാട്ടർഫോർഡ് : അഭിനയകലയുടെ പാഠങ്ങൾ പകർന്ന് നൽകി പ്രശസ്ത ചലച്ചിത്ര-നാടക താരം സന്തോഷ് കീഴാറ്റൂർ നടത്തിയ ‘ഇന്ററാക്ടീവ് ആക്ടിംഗ് സെഷൻ’ ശ്രദ്ധേയമായി. വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ കീഴിലുള്ള ‘എന്റെ മലയാളം ക്രിയേറ്റീവ് ഹബ്ബ്’ സംഘടിപ്പിച്ച വർക്ക്ഷോപ്പിലാണ് കുട്ടികളിൽ കലയോടുള്ള അഭിനിവേശം വളർത്തുന്നതിനായി പ്രത്യേക പരിപാടി സംഘടിപ്പിച്ചത്.
തമാശകളിലൂടെയും, പകർന്നാട്ടങ്ങളിലൂടെയും സദസിനെ അമ്പരിപ്പിച്ച സന്തോഷ് കീഴാറ്റൂർ അഭിനയം എന്നത് വെറും അനുകരണം മാത്രമല്ലെന്ന ആദ്യ പാഠവും കുട്ടികൾക്ക് പകർന്ന് നൽകി. ശാസ്ത്രം വളരുന്നതിനൊപ്പം നൂതന സാങ്കേതിക വിദ്യകളെ ആശ്രയിക്കുന്ന കുട്ടികളോട് വായനയുടെയും, കുടുംബന്ധങ്ങളുടെയും മൂല്യങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
ചടങ്ങിൽ എന്റെ മലയാളം കോർഡിനേറ്റർ ദയാനന്ദ് കെ.വി , ഡബ്ല്യു.എം.എ പ്രസിഡന്റ് ഷിജു ശാസ്താംകുന്നേൽ , കോർഡിനേറ്റർ നിഷ ഷിനു, ഡിറ്റി തോമസ് എന്നിവർ പങ്കെടുത്തി . നിഷയും ദയാനന്ദും ചേർന്ന് സന്തോഷ് കീഴാറ്റൂരിന് ഉപഹാരം കൈമാറി. ‘എസ്സാർ ഹെൽത്ത് കെയർ’ ആയിരുന്നു പരിപാടിയുടെ മുഖ്യ പ്രായോജകർ.

