ചെന്നൈ : ജ്യോതിഷിയായ രാധൻ പണ്ഡിറ്റിനെ സർക്കാരിൽ ഒഎസ്ഡിയായി നിയമിച്ച ഉത്തരവ് റദ്ദാക്കി തമിഴ്നാട് മുഖ്യമന്ത്രി വിജയ് . സർക്കാരിൽ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒഎസ്ഡി) ആയി തന്റെ ജ്യോതിഷിയെ നിയമിച്ചതിന്റെ പേരിൽ വിജയ്ക്കും, സർക്കാരിനുമെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.തുടർന്നാണ് ഉത്തരവ് റദ്ദാക്കിയത്.
തമിഴ്നാട് സർക്കാരിന്റെ പബ്ലിക് (എസ്റ്ററ്റ്. IV) വകുപ്പാണ് കഴിഞ്ഞ ദിവസം രാധന്റെ നിയമനം ഔദ്യോഗികമായി അംഗീകരിച്ചത് . “ജോലിയിൽ ചേരുന്ന തീയതി മുതൽ പ്രാബല്യത്തിൽ” എന്ന അടിസ്ഥാനത്തിൽ രാധൻ പണ്ഡിറ്റ് ചുമതലയേൽക്കുമെന്ന് ഉത്തരവിൽ പറഞ്ഞിരുന്നു.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, എക്സിറ്റ് പോളുകൾ തള്ളിക്കളയുകയും തമിഴക വെട്രി കഴകത്തിന് (ടിവികെ) വൻ വിജയം പ്രവചിക്കുകയും ചെയ്തയാളാണ് രാധൻ പണ്ഡിറ്റ്. വോട്ടെണ്ണൽ ദിവസത്തിന് മുമ്പ് മാധ്യമങ്ങളോട് സംസാരിച്ച രാധൻ പണ്ഡിറ്റ്, ടിവികെ “170 അല്ലെങ്കിൽ 140 ൽ കൂടുതൽ” സീറ്റുകൾ നേടുമെന്ന് പ്രഖ്യാപിക്കുകയും പാർട്ടിയുടെ ആഭ്യന്തര സർവേയിൽ 45 ശതമാനത്തോളം പിന്തുണ ലഭിച്ചതായി അവകാശപ്പെടുകയും ചെയ്തിരുന്നു . മാത്രമല്ല വിജയ് മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

