ഡബ്ലിൻ: അയർലൻഡിൽ വോട്ടർപട്ടികയിൽ നിന്നും അധികൃതർ ഒഴിവാക്കിയത് മൂന്ന് ലക്ഷം പേരുകൾ. കഴിഞ്ഞ രണ്ട് വർഷത്തിനിടെയാണ് ഇത്രയും പേരുകൾ പട്ടികയിൽ നിന്നും ഒഴിവാക്കിയത്. വ്യാജ വ്യക്തികൾ, മരിച്ചവർ, വിദേശത്തേയ്ക്ക് പലായനം ചെയ്തവർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു.
വോട്ടർ പട്ടികയുടെ കൃത്യത ഉറപ്പാക്കുന്ന നടപടികളുടെ ചുമതല തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്കാണ് ഉള്ളത്. സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷനായി ആൻ കോയിമിഷൻ ടോഗ്ചൈനിന്റെ മേൽനോട്ടത്തിലും ഭവന, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ധനസഹായത്തോട് കൂടിയുമാണ് നടപടികൾ പൂർത്തിയാക്കുക. നിലവിൽ രജിസ്റ്ററിൽ എത്ര പേരുകളുണ്ട് എന്ന് കൃത്യമായി പറയാൻ കഴിയില്ലെന്ന് കമ്മീഷൻ ചീഫ് എക്സിക്യൂട്ടിവ് ആർട്ട് ഒ ലിയറി പറഞ്ഞു. എന്നാൽ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ മൂന്ന് ലക്ഷം പേരുകൾ ഒഴിവാക്കിയെന്നും അദ്ദേഹം അറിയിച്ചു.

