ന്യൂഡൽഹി: നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെ അഭിനന്ദിച്ച് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ .കോൺഗ്രസ് ഹൈക്കമാൻഡിൻറെ തീരുമാനം പൂർണമായും അംഗീകരിക്കുന്നുവെന്നും വി ഡി സതീശൻ നയിക്കുന്ന പുതിയ സർക്കാരിന് പൂർണ്ണ പിന്തുണ നൽകുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
നിരവധി ഘടകങ്ങൾ പരിഗണിച്ച ശേഷമാണ് നേതൃത്വം ഈ തീരുമാനത്തിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ‘ പ്രതിബദ്ധതയുള്ള കോൺഗ്രസുകാരനാണ് വി ഡി സതീശൻ. അദ്ദേഹത്തെ കേരള മുഖ്യമന്ത്രിയായി നിയമിക്കാനുള്ള ഹൈക്കമാൻഡിൻറെ തീരുമാനത്തെ ഞാൻ സ്വാഗതം ചെയ്യുന്നു. കേരളത്തിലെ ജനങ്ങൾ കോൺഗ്രസിന് വലിയ പ്രതീക്ഷകളോടെയാണ് വലിയ ജനവിധി നൽകിയിരിക്കുന്നത്. ആ പ്രതീക്ഷകൾക്കൊത്ത് ഉയരുന്ന ഒരു സർക്കാരാണ് ഇനി കേരളത്തിന് ലഭിക്കുക. യു.ഡി.എഫ് സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പ്രവർത്തനത്തിന് പൂർണ്ണ പിന്തുണ ഞാൻ ഉറപ്പുനൽകുന്നു. വി.ഡി. സതീശനെ തുറന്ന ഹൃദയത്തോടെ അഭിനന്ദിക്കുന്നു,’ അദ്ദേഹം പറഞ്ഞു.
നിരവധി എം.എൽ.എമാരുടെ പിന്തുണ തനിക്കുണ്ടെങ്കിലും, ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് പറഞ്ഞിട്ടുണ്ടെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു. ‘ ഞാൻ എപ്പോഴും പ്രതിബദ്ധതയുള്ള ഒരു കോൺഗ്രസുകാരനായി തുടരും. . . ഈ വിഷയത്തിൽ എനിക്കെതിരെ സൈബർ ആക്രമണങ്ങൾ ഉണ്ടായാലും, അത് സഹിക്കാൻ ഞാൻ തയ്യാറാണെന്നും ‘ അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെക്കുറിച്ചുള്ള ചർച്ചകളിൽ കെ.സി. വേണുഗോപാലിന്റെ പേര് ഉയർന്നുവന്നിരുന്നു. കൂടാതെ ഭൂരിഭാഗം എം.എൽ.എമാരും അദ്ദേഹത്തെ ആ സ്ഥാനത്തേക്ക് പിന്തുണച്ചിരുന്നു . എങ്കിലും പൊതുജനവികാരം കണക്കിലെടുത്ത്, വി.ഡി. സതീശനെ മുഖ്യമന്ത്രിയായി നിയമിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിക്കുകയായിരുന്നു.

