ന്യൂഡൽഹി : രാഹുൽ ഗാന്ധിയുടെ വിദേശ യാത്രകൾ വിവാദത്തിലേയ്ക്ക് . കഴിഞ്ഞ 22 വർഷത്തിനിടെ രാഹുൽ ഗാന്ധി 54 യാത്രകൾക്കായി ചിലവിട്ടത് ഏകദേശം 60 കോടിയോളം രൂപ . ഇത് അദ്ദേഹത്തിന്റെ വരുമാനത്തിന്റെ 5 മടങ്ങിലധികം വരുമെന്ന് ബിജെപി എംപി സംബിത് പത്ര പത്രസമ്മേളനത്തിൽ പറഞ്ഞു.
ഏകദേശം 22 വർഷമായി രാഹുൽ ഗാന്ധി പാർലമെന്റ് അംഗമാണ്. ഈ വർഷങ്ങളിൽ അദ്ദേഹം നിരവധി വിദേശ യാത്രകൾ നടത്തിയിട്ടുണ്ട്. ഔദ്യോഗികമായി 54 വിദേശ യാത്രകൾ നടത്തിയിട്ടുണ്ട്. ഈ യാത്രകൾ പരസ്യമാണെങ്കിലും അവയുടെ ചെലവുകൾ പരസ്യമാക്കിയിട്ടില്ല. ഓരോ വിദേശ യാത്രയിലും ഏകദേശം 4 പേർ രാഹുൽ ഗാന്ധിയെ അനുഗമിച്ചിരുന്നു.
“2013-14 മുതൽ 2022-23 വരെയുള്ള രാഹുൽ ഗാന്ധിയുടെ വരുമാനത്തിന്റെ വിശദാംശങ്ങൾ ഞങ്ങളുടെ പക്കലുണ്ട്. ഈ 10 വർഷത്തെ കാലയളവിൽ രാഹുൽ ഗാന്ധിയുടെ വരുമാനം ₹11 കോടിയായിരുന്നു. ₹11 കോടി വരുമാനമുള്ള രാഹുൽ ഗാന്ധി തന്റെ വിദേശ യാത്രകൾക്കായി മാത്രം ₹60 കോടി ചെലവഴിച്ചു. ഇത് എങ്ങനെ സാധ്യമാകും? ആരാണ് അദ്ദേഹത്തിന് ധനസഹായം നൽകുന്നത്? വിദേശ കമ്പനി അദ്ദേഹത്തിന് ധനസഹായം നൽകിയെങ്കിൽ, രാഹുൽ ഗാന്ധി നിയമങ്ങൾ പാലിച്ചാണ് അത് വാങ്ങിയത് ?” സംബിത് പത്ര ചോദിച്ചു.
2014-15 കാലയളവിൽ രാഹുൽ ഗാന്ധി വിദേശ യാത്രകൾക്കായി 4.5 കോടി രൂപ ചെലവഴിച്ചതായി സംബിത് പത്ര പറഞ്ഞു. 2017-18 ൽ രാഹുൽ ഗാന്ധിയുടെ വരവ് 1.20 കോടി രൂപയായിരുന്നു . എന്നാൽ വിദേശ യാത്രകൾക്കായി 6 കോടി രൂപ ചെലവഴിക്കുകയും ചെയ്തു. 2019-20 ൽ രാഹുൽ ഗാന്ധി 1.39 കോടി രൂപ സമ്പാദിക്കുകയും വിദേശ യാത്രകൾക്കായി 4.6 കോടി രൂപ ചെലവഴിക്കുകയും ചെയ്തു. 2018-19 ൽ രാഹുൽ ഗാന്ധിയുടെ വരുമാനം 1.22 കോടി രൂപയായിരുന്നു, എന്നാൽ അദ്ദേഹം വിദേശ യാത്രയ്ക്കായി 3.9 കോടി രൂപ ചെലവഴിച്ചു. 2021-22 ൽ രാഹുൽ ഗാന്ധി 1.03 കോടി രൂപ സമ്പാദിക്കുകയും വിദേശ യാത്രയ്ക്കായി 2.6 കോടി രൂപ ചെലവഴിക്കുകയും ചെയ്തു.
2004 ൽ രാഹുൽ ഗാന്ധി ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ, തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ അദ്ദേഹത്തിന്റെ ആസ്തി ₹55.58 ലക്ഷം ആയി രേഖപ്പെടുത്തിയിരുന്നു .എന്നാൽ 2024 ൽ അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷനിൽ അവസാനമായി സത്യവാങ്മൂലം സമർപ്പിച്ചപ്പോൾ, തന്റെ ആസ്തി ഏകദേശം ₹21 കോടി ആണെന്ന് അദ്ദേഹം പറയുന്നു.

