ഒഡീഷയ്ക്ക് മുകളിൽ ആകാശത്ത് കണ്ട പ്രകാശമായിരുന്നു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ചർച്ചയായത് . അതിവേഗത്തിൽ പാഞ്ഞുപോകുന്ന മിന്നല്പിണർ ഒഡീഷയിൽ മാത്രമല്ല , നൂറ് കിലോമീറ്ററുകൾക്കപ്പുറം ബംഗ്ലാദേശിലെ കോക്ബസാറിൽ വരെ കാണാൻ കഴിഞ്ഞിരുന്നു. ആളുകളിൽ ഒരേസമയം ഇത് കൗതുകം ജനിപ്പിക്കുകയും ഭീതി ഉളവാക്കുകയും ചെയ്തു. എന്നാലിപ്പോൾ ഈ മിന്നൽ പിണർ എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പ്രതിരോധ മന്ത്രാലയം .
. മെയ് എട്ടിന് ഒഡീഷയിലെ ഡോ. എ.പി.ജെ. അബ്ദുൾ കലാം ഐലൻഡിൽനിന്ന് അത്യാധുനിക അഗ്നി മിസൈലിന്റെ പരീക്ഷണ വിക്ഷേപണം ഇന്ത്യ വിജയകരമായി നടത്തി എന്നാണ് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുള്ളത്.’അഗ്നി’ കുടുംബത്തിൽ നിന്നുള്ള നൂതന വകഭേദമായിരുന്നു ഈ മിസൈൽ . ഒന്നിലധികം ലക്ഷ്യങ്ങളെ ഒരേസമയം ആക്രമിക്കാൻ കഴിവുള്ള മിസൈലാണിത്.
എം.ഐ.ആർ.വി (മൾട്ടിപ്പിൾ ഇൻഡിപെൻഡന്റ്ലി ടാർഗെറ്റബിൾ റീ-എൻട്രി വെഹിക്കിൾ) സിസ്റ്റം ഘടിപ്പിച്ച നൂതന അഗ്നി മിസൈലിന്റെ വിജയകരമായ പറക്കൽ പരീക്ഷണമാണ് ഇന്ത്യ നടത്തിയത് . വ്യത്യസ്ത ലക്ഷ്യങ്ങളെ ഉന്നം വച്ച് ഒന്നിലധികം പേലോഡുകൾ വഹിച്ചുകൊണ്ടായിരുന്നു മിസൈൽ പറക്കൽ പരീക്ഷണം .
പരമ്പരാഗത മിസൈലുകൾ ഒരു സമയം ഒരു ലക്ഷ്യത്തെ മാത്രമേ ആക്രമിക്കൂ. എന്നാൽ , ഈ പുതിയ, അഗ്നി മിസൈലിന്റെ സവിശേഷത അതിന്റെ എം.ഐ.ആർ.വി (മൾട്ടിപ്പിൾ ഇൻഡിപെൻഡന്റ്ലി ടാർഗെറ്റബിൾ റീ-എൻട്രി വെഹിക്കിൾ) സാങ്കേതികവിദ്യയാണ്. ഈ മിസൈൽ ഒന്നിലധികം ആണവായുധങ്ങൾ (വാർഹെഡുകൾ) വഹിച്ചുകൊണ്ടാണ് പറക്കുന്നത്. ബഹിരാകാശത്ത് എത്തിക്കഴിഞ്ഞാൽ, മിസൈൽ ഈ ആയുധങ്ങൾ വ്യത്യസ്ത ദിശകളിലേക്ക് വിടുന്നു. ഇതിന്റെ ഫലമായി ഒരൊറ്റ മിസൈലിന് അഞ്ചോ ആറോ വ്യത്യസ്ത ശത്രു നഗരങ്ങളെയോ സൈനിക സ്ഥാപനങ്ങളെയോ ഒരേസമയം ഇല്ലാതാക്കാൻ കഴിയും. ഡിആർഡിഒ (ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ) ആണ് ഈ അതിശക്തമായ മിസൈൽ വികസിപ്പിച്ചെടുത്തത്.
പരീക്ഷണ വേളയിൽ, ബംഗാൾ ഉൾക്കടലിൽ നിന്ന് പറന്നുയർന്ന മിസൈൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ആയിരക്കണക്കിന് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വിവിധ ലക്ഷ്യങ്ങളെ കൃത്യതയോടെ ആക്രമിച്ചു. കടലിൽ വിന്യസിച്ചിരിക്കുന്ന ഭൂതല റഡാറുകളും യുദ്ധക്കപ്പലുകളും അതിന്റെ ഓരോ നീക്കങ്ങളും നിരീക്ഷിച്ചു. എല്ലാ പാരാമീറ്ററുകൾക്കെതിരെയും മിസൈൽ 100 ശതമാനം വിജയകരമാണെന്ന് സ്ഥിരീകരിച്ചു

