കണ്ണൂർ : തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു പിന്നാലെ നിലവിലെ സിപിഎം നേതൃത്വത്തെ തള്ളി കണ്ണൂരിൽ ഫ്ലെക്സ് ബോർഡുകൾ . പി. ജയരാജനെ അനുകൂലിക്കുന്ന ഫ്ലെക്സ് ബോർഡുകളാണ് കണ്ണൂരിൽ പലയിടത്തായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത് . ‘പി. ജയരാജനെ വിളിക്കൂ, പാർട്ടിയെ രക്ഷിക്കൂ’ എന്ന സന്ദേശമാണ് ബോർഡിൽ എഴുതിയിരിക്കുന്നത്. അഴീക്കോട് മണ്ഡലത്തിലും ബോർഡുകൾ സ്ഥാപിച്ചു. നേതൃത്വത്തിൽ മാറ്റം ആവശ്യപ്പെട്ടാണ് ജില്ലയിൽ പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും ഉയർന്നിരിക്കുന്നതെന്ന് വ്യക്തമാണ്.
സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരിൽ യു.ഡി.എഫ് കാര്യമായ നേട്ടങ്ങൾ കൈവരിച്ചിരുന്നു. വിമതർ മത്സരിച്ച പയ്യന്നൂരും തളിപ്പറമ്പും ഉൾപ്പെടെയുള്ള പരമ്പരാഗത കോട്ടകളിൽ സി.പി.എമ്മിന് കനത്ത പരാജയം നേരിട്ടു. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ റൗണ്ടുകളിൽ പിന്നിലായിരുന്നു, അദ്ദേഹത്തിന്റെ വിജയ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു. ജില്ലയിലെ 11 മണ്ഡലങ്ങളിൽ എൽ.ഡി.എഫ് ആറെണ്ണത്തിൽ വിജയിച്ചപ്പോൾ യു.ഡി.എഫ് അഞ്ചെണ്ണം നേടി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ഒമ്പത് മണ്ഡലങ്ങളിൽ വിജയിച്ചിരുന്നു.
എൽഡിഎഫിന്റെ പരാജയത്തെത്തുടർന്ന് പാർട്ടി പ്രവർത്തകർ നേതൃത്വത്തിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ചു. എം വി ഗോവിന്ദൻ, കെ കെ രാഗേഷ്, മുഖ്യമന്ത്രി എന്നിവരാണ് ഏറ്റവും കൂടുതൽ വിമർശിക്കപ്പെട്ടത്. പലരും പരസ്യമായി വിമർശനവുമായി മുന്നോട്ടുവന്നു. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പങ്കുവെച്ച വിശദീകരണ പോസ്റ്റിന് കീഴിൽ പാർട്ടി കേഡർമാരിൽ നിന്ന് വ്യാപകമായ വിമർശനങ്ങൾ ഉയർന്നു. കണ്ണൂരിലെ തോൽവിയുടെ പൂർണ ഉത്തരവാദിത്തം രാഗേഷിനും ഗോവിന്ദൻ മാസ്റ്ററിനുമാണെന്ന് പാർട്ടി പ്രവർത്തകർ പറഞ്ഞു. പി ജയരാജൻ ജില്ലാ സെക്രട്ടറിയായിരുന്നെങ്കിൽ കണ്ണൂരിൽ പാർട്ടിക്ക് ഇത്തരമൊരു തിരിച്ചടി നേരിടേണ്ടിവരില്ലായിരുന്നുവെന്നും അവർ പറയുന്നു.

