ഡബ്ലിൻ: പോലീസുകാർക്ക് നേരെയുള്ള അക്രമ സംഭവങ്ങൾ സാധാരണ സംഭവങ്ങളായി മാറിയിരിക്കുന്നുവെന്ന് ഗാർഡ റെപ്രസെന്റേറ്റീവ് അസോസിയേഷൻ. വെസ്റ്റ് ഡബ്ലിനിൽ ഞായറാഴ്ച പോലീസുകാരന് ആക്രമണത്തിൽ പരിക്കേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അസോസിയേഷന്റെ പ്രതികരണം. പോലീസുകാരന് നേരെ ഉണ്ടായ ആക്രമണത്തിൽ ഞെട്ടിപ്പോയി എന്നും അസോസിയേഷൻ കൂട്ടിച്ചേർത്തു. ഞായറാഴ്ച ബ്ലാഞ്ചാർട്സ്ടൗണിൽ വച്ചായിരുന്നു 20 വയസ്സുള്ള പോലീസുകാരന് നേരെ ആക്രമണം ഉണ്ടായത്.
20 കാരനായ പോലീസുകാരന് നേരെയുണ്ടായ ആക്രമണം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചതായി ജിആർഎ പ്രതിനിധി മാർക്ക് ഫെറിസ് പറഞ്ഞു. ശരീരത്തിനേറ്റ പരിക്കുകളിൽ നിന്നും അദ്ദേഹം സുഖം പ്രാപിച്ചുവരികയാണ്. എന്നാൽ അദ്ദേഹത്തിന് ഉണ്ടായ മാനസിക ആഘാതം ഭേദമാകാൻ സമയം എടുക്കും. ജോലിയുടെ തുടക്കത്തിലാണ് അദ്ദേഹത്തിന് ഇത്തരം ഒരു അനുഭവം ഉണ്ടായിരിക്കുന്നത്. പോലീസുകാർ നേരിടുന്ന അപകട സാദ്ധ്യതകളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് ആക്രമണം എന്നും അദ്ദേഹം പറഞ്ഞു.

