തിരുവനന്തപുരം : കേരളം ആര് ഭരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിന് ഇനി അൽപ്പം മണിക്കൂറുകൾ മാത്രം .ബാലറ്റ് പെട്ടികൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകൾ തുറന്നു . 43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ . ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുക .
9 മണിയോടെ ആദ്യ ഫലസൂചനകൾ പുറത്ത് വരും . ഓരോ റൗണ്ടും പൂർത്തിയാകാൻ അര മണിക്കൂർ വരെ വേണ്ടി വരും .സ്ട്രോങ് റൂമിൽനിന്നു തപാൽ വോട്ടുകൾ ആദ്യം വോട്ടെണ്ണൽ ഹാളിൽ എത്തിച്ച് 50 വീതം കെട്ടുകളാക്കിയാണ് എണ്ണുക. വൈകിട്ട് 5 മണിയോടെ മുഴുവൻ ഫലവും പുറത്തുവന്ന്, ഇലക്ഷൻ സർട്ടിഫിക്കറ്റ് വിജയിച്ച സ്ഥാനാർഥികൾക്കു നൽകാനാകുമെന്നു പ്രതീക്ഷിക്കുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു.കേൽക്കർ പറഞ്ഞു.കളമശേരി സ്ട്രോംഗ് റൂമിന്റെ താക്കോൽ കാണാനില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട് . വാതിൽ പൊളിച്ച് അകത്ത് കടക്കാനാണ് ശ്രമം . വോട്ടെണ്ണൽ നടക്കുന്നതിനാൽ ഇന്ന് സംസ്ഥാനത്ത് ഡ്രൈ ഡേ ആണ് . അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ കർശന നടപടി ഉണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടെണ്ണൽ രാവിലെ 8:30 ന് ആരംഭിക്കും. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളുടെ ഫലങ്ങളും നാളെ പുറത്തുവരും. ഭരണ തുടർച്ചയോ ഭരണമാറ്റമോ ഉണ്ടാകുമോ എന്ന് ജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. . വോട്ടെണ്ണലിനായി 15,465 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. അവർക്ക് ക്യുആർ കോഡുകളുള്ള പ്രത്യേക തിരിച്ചറിയൽ കാർഡുകൾ നിർബന്ധമാക്കിയിട്ടുണ്ട്. 32,301 പോലീസ് ഉദ്യോഗസ്ഥർക്ക് സുരക്ഷാ ചുമതലകൾ നൽകിയിട്ടുണ്ട്. സ്ട്രോങ് റൂമുകളുടെ സുരക്ഷയും സിആർപിഎഫിനാണ്. വോട്ടെണ്ണൽ ദിനത്തിൽ അക്രമസംഭവങ്ങളോ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളോ ഉണ്ടെങ്കിൽ കലക്ടർമാർ , വരണാധികാരികൾ എന്നിവരെയും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ടോൾഫ്രീ നമ്പറായ 1950 ലും അറിയിക്കാം.

