തിരുവനന്തപുരം : കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും തെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം .വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിക്കും. പോസ്റ്റൽ വോട്ടുകൾ ആദ്യം എണ്ണും. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടെണ്ണൽ രാവിലെ 8:30 ന് ആരംഭിക്കും. രാവിലെ 10 മണിയോടെ ട്രെൻഡ് വ്യക്തമാകും. ഉച്ചയോടെ, കേരളം ആര് ഭരിക്കുമെന്ന കാര്യത്തിൽ തീരുമാനമാകും.
കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളുടെ ഫലങ്ങളും നാളെ പുറത്തുവരും. ഭരണ തുടർച്ചയോ ഭരണമാറ്റമോ ഉണ്ടാകുമോ എന്ന് ജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. . വോട്ടെണ്ണലിനായി 15,465 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. അവർക്ക് ക്യുആർ കോഡുകളുള്ള പ്രത്യേക തിരിച്ചറിയൽ കാർഡുകൾ നിർബന്ധമാക്കിയിട്ടുണ്ട്.
32,301 പോലീസ് ഉദ്യോഗസ്ഥർക്ക് സുരക്ഷാ ചുമതലകൾ നൽകിയിട്ടുണ്ട്. സ്ട്രോങ് റൂമുകളുടെ സുരക്ഷയും സിആർപിഎഫിനാണ് എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പത്രസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ 100 ൽ അധികം സീറ്റുകൾ നേടി അധികാരം വീണ്ടെടുക്കുമെന്ന് യുഡിഎഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. എൽഡിഎഫും വിധി തനിക്ക് അനുകൂലമാകുമെന്ന വിശ്വാസത്തിലാണ് . സംസ്ഥാനത്ത് അക്കൗണ്ട് തുറക്കുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ . കേരളത്തിലെ 140 മണ്ഡലങ്ങളിലേക്കും ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. തമിഴ്നാട്ടിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 234 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഒറ്റ ഘട്ടമായാണ് നടന്നത്.
പശ്ചിമ ബംഗാളിലെ 294 നിയമസഭാ മണ്ഡലങ്ങളിലേക്ക് രണ്ട് ഘട്ടങ്ങളിലായാണ് വിധി പ്രസ്താവിച്ചത്. ഇതിൽ ഫാൽറ്റ മണ്ഡലത്തിൽ വീണ്ടും വോട്ടെടുപ്പ് പ്രഖ്യാപിച്ചു. 293 സ്ഥലങ്ങളിലെ വോട്ടെണ്ണലാണ് നാളെ നടക്കുക. ഫാൽറ്റയിൽ മെയ് 21 നാണ് റീപോളിംഗ്. അസമിലെ 126 നിയമസഭാ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് നടന്നു. പുതുച്ചേരിയിലെ 30 അംഗ നിയമസഭയിലേക്കുള്ള പോരാട്ടത്തിന്റെ ഫലമാണ് വരാനുള്ളത്.

