ഹോർമുസ് കടലിടുക്കിന്റെ പ്രശ്നത്തെക്കുറിച്ച് ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരഘ്ചിയുമായി ചർച്ച നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ . ടെലിഫോൺ സംഭാഷണത്തിൽ ആഗോള ഊർജ്ജ വിതരണത്തിനും വ്യാപാരത്തിനും സുപ്രധാനമായ കടൽ പാതയായ ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട വിവിധ വശങ്ങൾ ഇരുവരും ചർച്ച ചെയ്തു
വെടിനിർത്തലുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങൾ, ഉഭയകക്ഷി ബന്ധങ്ങൾ, പ്രാദേശിക, അന്താരാഷ്ട്ര സാഹചര്യങ്ങൾ എന്നിവ ചർച്ച ചെയ്തതായി ഇറാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. നിലവിലെ സാഹചര്യത്തിന്റെ എല്ലാ വശങ്ങളും നേതാക്കൾ ചർച്ച ചെയ്യുകയും ഭാവിയിൽ പരസ്പരം അടുത്ത ബന്ധം പുലർത്താൻ സമ്മതിക്കുകയും ചെയ്തുവെന്നും പ്രസ്താവനയിൽ പറയുന്നു.
“ഇറാനിയൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി ഇന്ന് വൈകുന്നേരം എന്നെ വിളിച്ചു. നിലവിലെ സാഹചര്യത്തിന്റെ വിവിധ വശങ്ങൾ ഞങ്ങൾ വിശദമായി ചർച്ച ചെയ്തു. പരസ്പരം നിരന്തരം ബന്ധം പുലർത്താൻ ഞങ്ങൾ സമ്മതിച്ചു.” എന്ന് എസ്. ജയശങ്കറും സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചിരുന്നു.
ആഗോള നയതന്ത്രത്തിന്റെ കാര്യത്തിൽ ഇറാനും ഇന്ത്യയും തമ്മിലുള്ള ഈ ചർച്ച വളരെയേറെ പ്രാധാന്യമർഹിക്കുന്നതായി കണക്കാക്കപ്പെടുന്നു. ഹോർമുസ് കടലിടുക്കിലെ സ്ഥിരത ഇന്ത്യയുടെ സാമ്പത്തിക താൽപ്പര്യങ്ങൾക്കും ഊർജ്ജ സുരക്ഷയ്ക്കും അത്യന്താപേക്ഷിതമാണ്. ഈ ചർച്ചയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു. നിലവിലെ സാഹചര്യങ്ങളിൽ ഇരു രാജ്യങ്ങളും പരസ്പരം ചർച്ച നടത്തുന്നുവെന്നത് പ്രാദേശിക സമാധാനം നിലനിർത്തുന്നതിൽ ഇന്ത്യയുടെ പ്രധാന പങ്കിനെയും എടുത്തു കാട്ടുന്നു.

