ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ബിജെപി വിജയിച്ചത് വോട്ടിംഗ് യന്ത്രത്തിൽ തിരിമറി നടത്തിയാണ് എന്ന പാർട്ടിയുടെ വാദം തള്ളി കോൺഗ്രസ് എം പിയും മുൻ കേന്ദ്ര മന്ത്രി പി ചിദംബരത്തിന്റെ മകനുമായ കാർത്തി ചിദംബരം. 2004 മുതൽ താൻ തിരഞ്ഞെടുപ്പ് രംഗത്തുണ്ട്. വോട്ടിംഗ് യന്ത്രത്തിൽ തിരിമറി നടത്തിയതായി തനിക്ക് ഇതുവരെയും തോന്നിയിട്ടില്ലെന്ന് കാർത്തി പറഞ്ഞു.
വോട്ടിംഗ് യന്ത്രത്തിൽ തിരിമറി നടന്നുവെന്ന ആരോപണത്തിന് തെളിവില്ല. വിഷയത്തിൽ കോൺഗ്രസ് നിലപാട് മറ്റൊന്നാണെന്ന് തനിക്ക് അറിയാം. എന്നാൽ, വോട്ടിംഗ് യന്ത്രത്തിൽ തിരിമറി നടന്നുവെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത പക്ഷം അത് വെറുമൊരു ആരോപണം മാത്രമായി അവശേഷിക്കും. വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ കാർത്തി പറഞ്ഞു.
എല്ലാ പാർട്ടികളും വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് നടന്ന തിരഞ്ഞെടുപ്പുകളിൽ ജയിച്ചിട്ടും തോറ്റിട്ടുമുണ്ട്. ജയിക്കുമ്പോൾ ഒന്ന്, തോൽക്കുമ്പോൾ മറ്റൊന്ന് എന്ന നിലപാട് ശരിയല്ല. ജനം ബുദ്ധിയുള്ളവരാണ്. അവർ പരിഹസിക്കും. കാർത്തി വ്യക്തമാക്കി.
നേരത്തേ, മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തെ ചോദ്യം ചെയ്ത് കോൺഗ്രസ് രംഗത്ത് വന്നിരുന്നു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം നടത്തിയാണ് ബിജെപി തിരഞ്ഞെടുപ്പ് വിജയിച്ചതെന്ന ആരോപണം മുതിർന്ന നേതാവ് ദിഗ്വിജയ് സിംഗ് ഉൾപ്പെടെയുള്ളവർ ഉന്നയിച്ചിരുന്നു.
ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയം വോട്ടിംഗ് യന്ത്രം അട്ടിമറിയിലൂടെയാണെന്ന് കോൺഗ്രസിന്റെ സഖ്യകക്ഷിയായ എൻസിപി(എസ്പി)യും ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ തെളിവ് ശേഖരിക്കാൻ ശ്രമിക്കുകയാണെന്ന് എൻസിപി(എസ്പി) എം പി സുപ്രിയ സുലെ അറിയിച്ചിരുന്നു.