ലക്നൗ : യുപിയിലെ സംഭാലിൽ ഉണ്ടായ സംഘർഷത്തിൽ ഒരാൾ കൂടി മരിച്ചു . ഇതോടെ മരിച്ചവരുടെ എണ്ണം നാലായി . സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 25 പേർ അറസ്റ്റിലായിട്ടുണ്ട്. ഏഴ് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭാൽ എംപിയും എസ്പി നേതാവുമായ സിയാവൂർ റഹ്മാൻ ബാർഖും എം എൽ എയുമായ ഇഖ്ഹാൽ മഹ്മൂദിന്റെ മകൻ നവാബ് സുഹൈൽ ഇഖ്ബാലും കേസിൽ പ്രതികളാണ്.
400 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് . കോടതി ഉത്തരവുപ്രകാരം സർവേ നടത്തിയ സംഭാൽ ഷാഹി ജുമുഅ മസ്ജിദിന്റെ പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചു . 24 മണിക്കൂർ നേരത്തേക്ക് ഇന്റർനെറ്റ് സേവനം നിർത്തലാക്കിയിരുന്നു.1529-ൽ മുഗൾ ചക്രവർത്തി ബാബർ ക്ഷേത്രം തകർത്ത ഹരിഹർ മസ്ജിദിന് മുകളിലാണ് മസ്ജിദ് നിർമ്മിച്ചിരിക്കുന്നതെന്ന് കാട്ടി അഭിഭാഷകനായ വിഷ്ണു ശങ്കർ ജെയിനാണ് കോടതിയിൽ ഹർജി നൽകിയത് . തുടർന്നാണ് കോടതി സർവേയ്ക്ക് ഉത്തരവിട്ടത്.
കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷൻ ഞായറാഴ്ച സർവേ നടപടികൾ ആരംഭിച്ചതോടെയാണ് ജനക്കൂട്ടം അക്രമാസക്തരായത്. സർവേ നടപടികൾ പൂർത്തിയാക്കി മടങ്ങാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞ് ഓടിക്കാനായിരുന്നു ജനക്കൂട്ടം ശ്രമിച്ചത്. പൊലീസുകാർക്കും സർവേ ഉദ്യോഗസ്ഥർക്കും അടക്കം 20 സുരക്ഷാജീവനക്കാർക്ക് ആക്രമണത്തിൽ സാരമായി പരിക്കേറ്റു.