ധാക്ക: ബംഗ്ലാദേശിലെ പ്രമുഖ ഹിന്ദുനേതാവും, ഇസ്കോൺ സന്യാസിയുമായ ഹൈന്ദവ ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസ് ബ്രഹ്മചാരിയെ അറസ്റ്റ് ചെയ്തു . ധാക്ക വിമാനത്താവളത്തിൽ നിന്നും ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്.രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
സംഭവത്തിൽ ഇന്ത്യ ഇടപെടണമെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ച് ഇസ്കോൺ രംഗത്തെത്തി. തങ്ങൾ ആര്യന്മാരാണെന്നും, ഈ മണ്ണിന്റെ യഥാർത്ഥ അവകാശികളാണെന്നും , ഈ മണ്ണ് വിട്ട് പോകില്ലെന്നുമുള്ള പ്രസ്താവനയ്ക്ക് പിന്നാലെയാണ് ചിന്മയ് കൃഷ്ണദാസ് അറസ്റ്റിലായത് .
ഇസ്കോണിന്റെ പേരിൽ ബംഗ്ലാദേശ് ഉയർത്തുന്ന ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് ഇസ്കോൺ ഭാരവാഹികൾ പറഞ്ഞു. ലോകത്തെ ഒരു ഭീകരസംഘടനയുമായും ഇസ്കോണിന് ബന്ധമില്ല. കേന്ദ്രസർക്കാർ ഈ വിഷയത്തിൽ ഇടപെടണമെന്നും, ബംഗ്ലാദേശ് സർക്കാരിനോട് ഈ വിഷയത്തിൽ സംസാരിക്കണമെന്നും, അവർ പറയുന്നു. അറസ്റ്റ് വൻ തോതിലുള്ള പ്രതിഷേധങ്ങൾക്കിടയാക്കിയിട്ടുണ്ട്.