ഇംഫാൽ: മണിപ്പൂരിൽ ഭൂചലനം . റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ 5.59 നാണ് ഭൂകമ്പം ഉണ്ടായത്. കാംജോങ്ങിലായിരുന്നു പ്രഭവകേന്ദ്രമെന്ന് അധികൃതർ പറഞ്ഞു. ഉപരിതലത്തിൽ നിന്ന് 62 കിലോമീറ്റർ താഴെയാണ് ഭൂകമ്പം ഉണ്ടായത്. വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
മ്യാൻമറിൽ ഭൂകമ്പം ഉണ്ടായതിന് ശേഷമാണ് മണിപ്പൂരിൽ ഭൂകമ്പമുണ്ടായതെന്ന് എൻസിഎസ് പറഞ്ഞു. രാവിലെ 5:38 ന് മ്യാൻമറിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. മണിപ്പൂരിലെ കാംജോങ് ഇന്ത്യ-മ്യാൻമർ അതിർത്തിക്കടുത്താണ് സ്ഥിതി ചെയ്യുന്നത്. കൊളംബിയയിലും ഇക്വഡോറിലും രാവിലെ 7:52 ന് 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടു.
ഇന്നലെ വടക്കുകിഴക്കൻ ജപ്പാനിൽ ഉണ്ടായ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെയാണ് മണിപ്പൂരിലും ഇന്ന് ഭൂകമ്പം ഉണ്ടായത്. ഇതേത്തുടർന്ന്, ജപ്പാൻ കാലാവസ്ഥാ ഏജൻസി (ജെഎംഎ) സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. ഇവാട്ടെ പ്രിഫെക്ചറിലെ കുജി തുറമുഖത്ത് 80 സെന്റീമീറ്റർ സുനാമി രേഖപ്പെടുത്തിയതായി ജെഎംഎ അറിയിച്ചു.
ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ കണക്കനുസരിച്ച്, പസഫിക് സമുദ്രത്തിൽ 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പം വളരെ ശക്തമായതിനാൽ പ്രഭവകേന്ദ്രത്തിൽ നിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള ടോക്കിയോയിലെ വലിയ കെട്ടിടങ്ങൾ പോലും കുലുങ്ങി.
കഴിഞ്ഞ ശനിയാഴ്ച അഫ്ഗാനിസ്ഥാനിൽ ഒന്നിനുപുറകെ ഒന്നായി രണ്ട് ഭൂകമ്പങ്ങൾ ഉണ്ടായി. ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ 8.24 ന് 5.6 തീവ്രത രേഖപ്പെടുത്തിയ ആദ്യത്തെ ഭൂകമ്പം ഉണ്ടായി. തുടർന്ന് രാവിലെ 8.46 ന് 4.8 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂകമ്പമുണ്ടായി. രണ്ട് ഭൂകമ്പങ്ങളും 170 കിലോമീറ്റർ ചുറ്റളവിലാണ് ഉണ്ടായത്. ജമ്മു കശ്മീർ ഉൾപ്പെടെയുള്ള വടക്കേ ഇന്ത്യൻ പ്രദേശങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു.

