കൊച്ചി ; കുംഭമേള വൈറൽ താരം ഗർഭിണിയാണെന്നും, ഉടൻ പൊലീസിന് മുന്നിൽ ഹാജരാകാനാകില്ലെന്നും ഭർത്താവ് ഫർമാൻ ഖാൻ. പ്രായപൂർത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചതാണെന്ന് ആരോപിച്ച് പെൺകുട്ടിയുടെ മാതാപിതാക്കൾ ഫര്‍മാനെതിരെ മധ്യപ്രദേശിലെ മണ്ഡലേശ്വര്‍ ഡിഎസ്പിക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഭാര്യ ഗർഭിണിയാണെന്നും , യാത്ര ചെയ്യാൻ കഴിയില്ലെന്നും ഫർമാൻ മധ്യപ്രദേശ് ഖര്‍ഗോണിലെ വനിത എസ്ഐയെ അറിയിച്ചത്.
കുംഭമേളയ്ക്കിടെ വൈറലായ പെണ്‍കുട്ടിയും മുഹമ്മദ് ഫര്മാന് ഖാനും മാര്‍ച്ച് പതിനൊന്നിനാണ് വിവാഹിതരായത്. കേരളത്തിലെത്തിയ ഇരുവരും പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹിതരായത്. വിവാഹച്ചടങ്ങില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്, മന്ത്രി വി ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി വി ജോയ്, എ എ റഹീം എംപി എന്നിവര്‍ പങ്കെടുത്തിരുന്നു.
വിവാഹം അംഗീകരിക്കുന്നതിന് വ്യാജ ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ചതായി എൻസിഎസ്ടി അന്വേഷണത്തിൽ കണ്ടെത്തി. മധ്യപ്രദേശിലെ ഔദ്യോഗിക ആശുപത്രി രേഖകൾ പ്രകാരം പെൺകുട്ടിയുടെ ജനനത്തീയതി 2009 ഡിസംബർ 30 ആണെന്ന് വ്യക്തമാണ് . ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ, ഫർമാൻ ഖാനെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. , ഈ വിഷയത്തിൽ ഔപചാരിക വിശദീകരണം നൽകാൻ ഡൽഹിയിൽ ഹാജരാകാൻ കമ്മീഷൻ കേരളത്തിന്റെയും മധ്യപ്രദേശിന്റെയും ഡിജിപിമാരോട് നിർദ്ദേശിച്ചു

