ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ മഹാരാഷ്ട്രയിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യം ചരിത്ര വിജയത്തിലേക്ക് നീങ്ങുന്നു. 288 അംഗ നിയമസഭയിൽ ലീഡ് നിലയിൽ കേവല ഭൂരിപക്ഷം മറികടന്ന ബിജെപി സഖ്യം നിലവിൽ 221 സീറ്റുകളിലാണ് മുന്നിട്ട് നിൽക്കുന്നത്. കോൺഗ്രസ് സഖ്യം 55 സീറ്റുകളിൽ മാത്രം മുന്നിൽ നിൽക്കുമ്പോൾ, 12 ഇടങ്ങളിൽ മറ്റുള്ളവരും മുന്നിട്ട് നിൽക്കുന്നു. എക്സിറ്റ് പോൾ ഫലങ്ങളെയും കവച്ച് വെക്കുന്ന പ്രകടനമാണ് സംസ്ഥാനത്ത് ബിജെപി സഖ്യം കാഴ്ചവെക്കുന്നത്.
അതേസമയം ഝാർഖണ്ഡിൽ, ആദ്യ മണിക്കൂറിലെ ട്രെൻഡിന് വിരുദ്ധമായി ഇൻഡിയ സഖ്യം മുന്നേറ്റം നടത്തുന്ന കാഴ്ചയാണ് വോട്ടെണ്ണൽ ആരംഭിച്ച് രണ്ട് മണിക്കൂറുകൾ പിന്നിടുമ്പോൾ കാണാൻ സാധിക്കുന്നത്. 81 അംഗ നിയമസഭയിൽ 50 ഇടങ്ങളിൽ ഇൻഡിയ സഖ്യവും 29 ഇടങ്ങളിൽ എൻഡിഎ സഖ്യവും 2 ഇടങ്ങളിൽ മറ്റുള്ളവരും മുന്നിട്ട് നിൽക്കുന്നു. എക്സിറ്റ് പോൾ ഫലങ്ങളെ മറികടക്കുന്ന മുന്നേറ്റമാണ് സംസ്ഥാനത്ത് ഇൻഡിയ സഖ്യം നേടുന്നത്.
ലോക്സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിൽ ജയമുറപ്പിച്ച കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി ബഹുദൂരം മുന്നിലാണ്. വോട്ടെണ്ണൽ രണ്ട് മണിക്കൂറുകൾ പിന്നിടുമ്പോൾ രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ് പ്രിയങ്കയുടെ ഭൂരിപക്ഷം.