പെർത്ത്: തീ പാറുന്ന പേസ് ആക്രമണം കൊണ്ട് ഇന്ത്യൻ ബാറ്റിംഗ് നിരയെ കടപുഴക്കിയ ഓസീസിന്, അസാമാന്യ പേസും ബൗൺസുമുള്ള പെർത്തിലെ വിക്കറ്റിൽ അതേ നാണയത്തിൽ തിരിച്ചടി നൽകി ഇന്ത്യ. 217 റൺസിന് 17 വിക്കറ്റുകൾ കടപുഴകിയ ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ, 3 വിക്കറ്റ് മാത്രം ശേഷിക്കെ ഇന്ത്യയേക്കാൾ 83 റൺസിന് പിന്നിലാണ് ആതിഥേയർ.
പരമ്പരാഗതമായി പേസിനെ തുണയ്ക്കുന്ന പെർത്തിൽ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യൻ നായകൻ ജസ്പ്രീത് ബൂമ്രയുടെ തീരുമാനം പാളി എന്ന തോന്നലുളവാക്കി, പരിചയസമ്പന്നരും പുതുമുഖങ്ങളും സമ്മേളിക്കുന്ന ഇന്ത്യൻ ബാറ്റിംഗ് നിര ഒന്നാം ഇന്നിംഗ്സിൽ 150 റൺസിന് പുറത്തായി. 41 റൺസെടുത്ത പുതുമുഖം നിതീഷ് റെഡ്ഡിയും 37 റൺസെടുത്ത ഋഷഭ് പന്തും 26 റൺസെടുത്ത രാഹുലും ഒഴികെ മറ്റുള്ള ഇന്ത്യൻ ബാറ്റ്സ്മാന്മാരെല്ലം പൊരുതാൻ പോലും അവസരം ലഭിക്കാതെ കൂടാരം കയറി. 4 വിക്കറ്റെടുത്ത ജോഷ് ഹെയ്സല്വുഡും 2 വിക്കറ്റുകൾ വീതം പങ്കിട്ടെടുത്ത സ്റ്റാർക്കും കമ്മിൻസും മിച്ചൽ മാർഷും ചേർന്നാണ് ഇന്ത്യയെ ചുരുട്ടിക്കൂട്ടിയത്.
എന്നാൽ ഇന്ത്യ ശരിക്കുള്ള കളി പിന്നീടാണ് പുറത്തെടുത്തത്. ചായക്ക് ശേഷം ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യാനിറങ്ങിയ കങ്കാരുപ്പടയെ വന്യമായ പേസ് ആക്രമണം കൊണ്ട് ഇന്ത്യ വരിഞ്ഞ് മുറുക്കി. 6 ഓസീസ് ബാറ്റ്സ്മാന്മാർ രണ്ടക്കം കാണാതെ കൂടാരം കയറിയപ്പോൾ, ഒന്നാം ദിനം 7ന് 67 എന്ന നിലയിൽ തകരുകയാണ് ഓസ്ട്രേലിയ.
ലോകത്തിലെ ഏറ്റവും മികച്ച ബൗളർ എന്ന വിശേഷണം അന്വർത്ഥമാക്കി 4 വിക്കറ്റുകളുമായി നായകൻ ബൂമ്ര മുന്നിൽ നിന്ന് നയിച്ചപ്പോൾ, 2 വിക്കറ്റുകളുമായി മുഹമ്മദ് സിറാജും ഒരു വിക്കറ്റുമായി ഹർഷിത് റാണയും ഉറച്ച പിന്തുണ നൽകി. 19 റൺസുമായി ബാറ്റിംഗ് തുടരുന്ന അലക്സ് കേയ്രിയാണ് ഓസീസിന്റെ ടോപ് സ്കോറർ. 6 റൺസുമായി സ്റ്റാർക്കാണ് കേയ്രിക്ക് കൂട്ട്.