വാഷിംഗ്ടൺ : ഗാസയിലെ യുദ്ധക്കുറ്റത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ നടപടി അന്യായമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രായേൽ അധികാരികൾക്ക് നേരെയുള്ള ഈ നടപടികൾ അംഗീകരിക്കാനാകുന്നതല്ലെന്നും , അതിരു കടന്നതാണെന്നും ബൈഡൻ വ്യക്തമാക്കി.
അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ നിലപാട് എന്ത് തന്നെയായാലും ഹമാസും , ഇസ്രായേലും ഒന്നല്ല . അവരെ താരതമ്യപ്പെടുത്താനാകില്ല.ഇസ്രായേലിന്റെ ഒപ്പം എന്നുമുണ്ടാകുമെന്നും ബൈഡൻ പറഞ്ഞു .
അറസ്റ്റിനുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ നീക്കങ്ങളെ തളളിക്കളയുന്നതായി വൈറ്റ് ഹൗസ് ഇന്നലെ പ്രസ്താവന ഇറക്കിയിരുന്നു. അതേസമയം ഹമാസിന്റെ സൈനിക മേധാവി മുഹമ്മദ് ദയീഫിന് വേണ്ടി പുറപ്പെടുവിച്ച വാറന്റിനെക്കുറിച്ച് പ്രസ്താവനയിൽ പരാമർശിച്ചിട്ടില്ല.
അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാനുള്ള പ്രോസിക്യൂട്ടറുടെ തിരക്കിനെ ഞങ്ങൾ അപലപിക്കുന്നു. അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് യാതൊരു അധികാരവുമില്ല. ഇത്തരം ഒരു തീരുമാനമെടുക്കുന്നതിലേക്ക് നയിച്ച പിശകുകളെയും ആശങ്കയോടെ കാണുന്നുവെന്ന് യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് പറഞ്ഞു.
ഗാസയിൽ വലിയ അതിക്രമങ്ങളാണ് നെതന്യാഹു കാണിക്കുന്നതെന്നാണ് ഐസിസി പറയുന്നത് . ഐസിസി അംഗത്വമെടുക്കാത്ത രാജ്യങ്ങളാണ് ഇസ്രായേലും അമേരിക്കയും. കോടതിയുടെ ഭാഗമായ 120ലധികം രാജ്യങ്ങളിൽ എവിടേക്കെങ്കിലും യാത്ര ചെയ്താൽ അറസ്റ്റ് ചെയ്യും. അതിന് ശേഷം വിചാരണയ്ക്കായി ഇവരെ ഹേഗിലെ കോടതിയിൽ ഹാജരാക്കും. ഒക്ടോബർ 7 ന് ഗാസയിൽ നടത്തിയ ആക്രമണത്തിന്റെ പേരിലാണ് ദയീഫിനെതിരെ വാറന്റ് പുറപ്പെടുവിച്ചത്