തിരുവനന്തപുരം : ഷൊർണൂരിൽ ട്രെയിൻ തട്ടി മരിച്ച ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി . ഭാരതപുഴ റെയിൽ വേ പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത് . ഫയർഫോഴും , സ്കൂബ ടീമും പ്രദേശത്ത് തുടർച്ചയായി പരിശോധനകൾ നടത്തിയിരുന്നു. ലക്ഷ്മണൻ ട്രെയിൻ ഇടിക്കാതിരിക്കാൻ പുഴയിലേയ്ക്ക് ചാടിയതാകാമെന്നാണ് നിഗമനം .മൂന്ന് പേരുടെ മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം തന്നെ മോർച്ചറിയിലേയ്ക്ക് മാറ്റിയിരുന്നു.
ഡൽഹിയിൽ നിന്ന് കേരളത്തിലേയ്ക്ക് വരികയായിരുന്ന കേരള എക്സ്പ്രസ് തട്ടിയാണ് ശുചീകരണ സേലം സ്വദേശികളായ ലക്ഷ്മണൻ , ഭാര്യ വള്ളി , റാണി എന്നിവർ മരിച്ചത് .
പത്ത് ശുചീകരണ തൊഴിലാളികളാണ് സംഘത്തിലുണ്ടായിരുന്നത് . മറ്റ് ആറ് പേരും ഓടി രക്ഷപെട്ടുവെന്നാണ് സൂചന . മരിച്ച റാണിയുടെ ഭർത്താവ് ട്രെയിൻ തട്ടി ഭാരതപുഴയിൽ വീണതാകാമെന്ന സംശയത്തിൽ തെരച്ചിൽ നടത്തിയിരുന്നു.
ഷൊർണൂർ റെയിൽ വേ സ്റ്റേഷൻ കഴിഞ്ഞുള്ള പാലത്തിൽ വച്ച് കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം . ട്രാക്കിൽ കിടക്കുന്ന മാലിന്യങ്ങൾ ശേഖരിക്കുന്നതിനിടെയാണ് ഷൊർണൂർ പാലത്തിന് സമീപം വച്ച് ശുചീകരണ തൊഴിലാളികളെ ട്രെയിൻ തട്ടിയത് . ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും ട്രെയിൻ ഇടിക്കുകയായിരുന്നു . അതേസമയം മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽ വേ മന്ത്രിയ്ക്ക് മന്ത്രി വി അബ്ദു റഹ്മാൻ കത്ത് നൽകി.