കൊച്ചി: കെ.എസ്.ആർ.ടി.സിയുടെ ബിസിനസ് ക്ലാസ് ബസ് സർവീസ് ഈ മാസം പതിനഞ്ചിന് എത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് പാന്റ്രി, ടോയ്ലറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങളുള്ള ബസ് സർവീസുകളാണിത്. ടിക്കറ്റ് റിസർവ് ചെയ്യുമ്പോൾ യാത്രക്കാർക്ക് ഭക്ഷണവും ബുക്ക് ചെയ്യാം. എറണാകുളത്ത് നവീകരിച്ച കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ ഉദ്ഘാടന വേളയിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. അതേ വേദിയിൽ ബിസിനസ് ക്ലാസ് ബസ് സർവീസുകളുടെ ഉദ്ഘാടനവും മന്ത്രി പ്രഖ്യാപിച്ചു.
ആദ്യ സർവീസ് തിരുവനന്തപുരം-കൊച്ചി റൂട്ടിലായിരിക്കും . ആലപ്പുഴ, കൊല്ലം , തിരുവനന്തപുരം എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടാകും. ബുക്കിങ് മുഴുവന്‍ തിരുവനന്തപുരത്തേക്ക് ആണെങ്കില്‍ എവിടെയും സ്റ്റോപ്പ് ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു . ബസിൽ ടിക്കറ്റ് പരിശോധിക്കുന്നത് ഹോസ്റ്റസാകും, അവർ തന്നെയാകും ഭക്ഷണവും നൽകുക.അതിനുള്ള ഹോസ്റ്റസിനെ തെരഞ്ഞെടുത്തതായും മന്ത്രി പറഞ്ഞു.
പ്രസംഗത്തിനിടെ ഹൈബി ഈഡൻ എംപി ഗണേഷ് കുമാറിനെ പ്രശംസിച്ചു. മന്ത്രി പറയുന്നത് ചെയ്യുന്ന വ്യക്തിയാണെന്നും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ നവീകരണം അതിന് ഉദാഹരണമാണെന്നും അദ്ദേഹം കെ.എസ്.ആർ.ടി.സിക്ക് ഒരു അനുഗ്രഹമായി തുടരട്ടെയെന്നും ഹൈബി പറഞ്ഞു.
കെ.എസ്.ആർ.ടി.സി പ്രീമിയം ബിസിനസ് ക്ലാസ് ബസ് സർവീസ് ആരംഭിക്കുമെന്ന് മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദേശീയപാത വികസനം പൂർത്തിയായിക്കഴിഞ്ഞാൽ, തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് വെറും മൂന്ന് മുതൽ നാല് മണിക്കൂർ കൊണ്ട് യാത്ര ചെയ്യാൻ കഴിയുന്ന ആധുനിക ബിസിനസ് ക്ലാസ് ബസ് സർവീസ് ആരംഭിക്കുമെന്നായിരുന്നു ഗതാഗത മന്ത്രിയുടെ പ്രഖ്യാപനം. എമിറേറ്റ്സ് വിമാനങ്ങളിലെ ബിസിനസ് ക്ലാസ് സീറ്റുകൾക്ക് സമാനമായ സൗകര്യങ്ങൾ പുതിയ ബസുകളിൽ ഉണ്ടായിരിക്കുമെന്നും ഇത് സംസ്ഥാനത്തെ യാത്രാനുഭവങ്ങളിൽ ഒരു പുതിയ അധ്യായം തുറക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

