ബംഗലൂരു: വഖഫ് ബോർഡ് നോട്ടീസ് നൽകിയ ഭൂമിയിൽ നിന്നും കർഷകർ ആരും തന്നെ കുടിയിറങ്ങേണ്ടി വരില്ലെന്ന് കർണാടക സർക്കാർ. അൻപത് വർഷങ്ങൾക്ക് മുൻപ് ഭൂമി വഖഫ് ബോർഡിന്റെ പേരിൽ രജിസ്റ്റർ ചെയ്തു എന്ന വാദത്തിന് നിയമത്തിന്റെ പിൻബലമില്ല. വഖഫ് രേഖകൾ റവന്യൂ രേഖകളുമായി ഒത്ത് പോകണം. അല്ലാത്ത പക്ഷം റവന്യൂ രേഖകൾക്ക് തന്നെയായിരിക്കും പ്രഥമ പരിഗണന നൽകുകയെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. വഖഫ് നിയമപ്രകാരം കർഷകർക്ക് നൽകിയ നോട്ടീസുകൾ ഉടൻ പിൻവലിക്കാനും അദ്ദേഹം ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകി.
ഭൂമിയുടെ മേൽ തർക്കങ്ങൾ ഉണ്ടായാൽ റവന്യൂ രേഖകൾക്ക് തന്നെയായിരിക്കും പ്രഥമ പരിഗണനയെന്ന് കർണാടക ആഭ്യന്തര മന്ത്രി പരമേശ്വരയും വ്യക്തമാക്കി. അൻപത് വർഷങ്ങൾക്ക് മുൻപ് ചിലയിടങ്ങളിൽ തങ്ങളുടെ പേരിൽ ഭൂമി രജിസ്റ്റർ ചെയ്തിരുന്നു എന്നാണ് വഖഫ് ബോർഡിന്റെ അവകാശവാദം. ഇതിൻ പ്രകാരം ഭൂമി വിട്ട് ഒഴിഞ്ഞ് പോകാൻ ചില കർഷകർക്ക് അധികാരികൾ നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ ബിജെപി ശക്തമായ സമരപരിപാടികൾക്ക് ആഹ്വാനം നൽകിയിരുന്നു. ഇതിനിടെയാണ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി കർണാടക സർക്കാർ രംഗത്ത് വന്നിരിക്കുന്നത്.
വഖഫ് നിയമപ്രകാരം ഒഴിഞ്ഞ് പോകാൻ നോട്ടീസ് ലഭിച്ചതിനെ തുടർന്ന് മിക്കയിടങ്ങളിലും കർഷകർ സമരത്തിലേക്ക് നീങ്ങിയിരുന്നു. വിജയപുരയിൽ സമരം അക്രമാസക്തമായിരുന്നു. കർണാടക സർക്കാർ ഇപ്പോൾ കണ്ടതാണ് യഥാർത്ഥ കർഷക സമരമെന്നും, പ്രീണനത്തിന്റെ പേരിൽ കർഷകരെ കുടിയിറക്കാൻ ശ്രമിക്കുന്ന എല്ലാ സർക്കാരുകൾക്കും ഇത് ഒരു താക്കീതായിരിക്കുമെന്നും ബിജെപി കർണാടക ഘടകം വ്യക്തമാക്കി.