ധാക്ക : ബംഗ്ലാദേശിലേയ്ക്കുള്ള വൈദ്യുതി വിതരണം വെട്ടിക്കുറച്ച് അദാനി ഗ്രൂപ്പ് . 846 മില്യൺ അമേരിക്കൻ ഡോളർ കുടിശികയായതോടെയാണ് ഈ നീക്കം .അദാനി പവറിന്റെ ഉടമസ്ഥതയിലുള്ള അദാനി പവർ ജാർഖണ്ഡ് ലിമിറ്റഡാണ് ബംഗ്ലാദേശിലേയ്ക്കുള്ള വൈദ്യുതി വിതരണം വെട്ടിക്കുറച്ചത് .പവർ ഗ്രിഡ് ബംഗ്ലാദേശിന്റെ കണക്കനുസരിച്ച് വൈദ്യുതി ഉദ്പാദനം 1496 മെഗാവാട്ടിൽ നിന്ന് 700 മെഗാവാട്ടായി കുറഞ്ഞു.
1600 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് രാജ്യത്തുള്ളത് . ബംഗ്ലാദേശിലേയ്ക്കുള്ള വൈദ്യുതി വിതരണം വെട്ടിക്കുറയ്ക്കും മുൻപ് ബംഗ്ലാദേശിലെ പവർ ഡവലപ്പ്മെന്റ് ബോർഡിനോട് കുടിശിക തുക അടയ്ക്കാൻ അദാനി പവർ ജാർഖണ്ഡ് ലിമിറ്റഡ് ആവശ്യപ്പെട്ടിരുന്നു.ഇക്കാര്യം ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് ബംഗ്ലാദേശിലെ പവർ സെക്രട്ടറിക്ക് കത്തും നൽകിയിരുന്നു.
ഒക്ടോബർ 31 ന് വൈദ്യുതി വിതരണം നിർത്തി വച്ച് പവർ പർച്ചേസ് എഗ്രിമെന്റ് പ്രകാരം നടപടികൾ സ്വീകരിക്കുമെന്നും അദാനി ഗ്രൂപ്പ് കത്തിൽ പറഞ്ഞിരുന്നു . സസ്പെൻഷൻ സമയപരിധി നേരത്തേ ഒക്ടോബർ 20 മുതൽ 30 വരെ നീട്ടിയും നൽകിയിരുന്നു.
കോടീശ്വരനായ ഇന്ത്യൻ വ്യവസായി അദാനിയുടെ ബിസിനസ് സാമ്രാജ്യം ലോകത്തിന്റെ പല ഭാഗങ്ങളിലും വ്യാപിച്ചു കിടക്കുകയാണ് . ഇന്ത്യയുടെ അയൽരാജ്യമായ ബംഗ്ലാദേശിലെ നിരവധി വൈദ്യുതി പദ്ധതികളിലും അദ്ദേഹത്തിന് നിക്ഷേപങ്ങളുണ്ട് . എന്നാൽ രാഷ്ട്രീയ അസ്ഥിരത തുടരുന്ന ബംഗ്ലാദേശ് ഇന്നൊരു കലാപഭൂമിയായി മാറിയിരിക്കുകയാണ് .
തങ്ങൾക്ക് കിട്ടാനുള്ള തുക നൽകണമെന്നാവശ്യപ്പെട്ട് പല തവണ അദാനി ഗ്രൂപ്പ് ബംഗ്ലാദേശ് സർക്കാരുമായി ചർച്ച നടത്തിയിരുന്നു .എന്നാൽ അതൊന്നും ഫലപ്രാപ്തിയിൽ എത്തിയിരുന്നില്ല . ഇന്ത്യയിലെ ഗോഡ്ഡ പവർ പ്ലാന്റിൽ നിന്നാണ് അദാനി ഗ്രൂപ്പ് ബംഗ്ലാദേശിലേയ്ക്ക് വൈദ്യുതി എത്തിച്ചിരുന്നത് .അദാനി പ്ലാന്റിൽ നിന്നുള്ള വിതരണം കുറഞ്ഞതോടെ ബംഗ്ലാദേശിൽ വൈദ്യുതി ക്ഷാമം രൂക്ഷമാണ്.