കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി സർക്കാർ നിർമ്മിച്ച ടൗൺഷിപ്പിലെ ആദ്യ ഘട്ട വീടുകൾ കൈമാറി . മുഖ്യമന്ത്രി പിണറായി വിജയനാണ് താക്കോലുകൾ കൈമാറിയത്. 178 വീടുകളാണ് ആദ്യഘട്ടത്തിൽ നിർമ്മിച്ചത് . കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലാണ് സർക്കാർ നിർമ്മിച്ച ടൗൺഷിപ്പ്. താക്കോൽ ദാന ചടങ്ങിൽ എത്തുന്നതിന് മുമ്പ് മുഖ്യമന്ത്രി മറ്റ് മന്ത്രിമാരോടൊപ്പം വീടുകൾ സന്ദർശിച്ച് വിലയിരുത്തി.
ടൗൺഷിപ്പ് വഴി ആകെ 405 വീടുകൾ സർക്കാർ നിർമ്മിക്കും . ശേഷിക്കുന്ന വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നുണ്ട് . ഉദ്ഘാടന പ്രസംഗത്തിൽ, ദുരന്തത്തിന്റെ വേദനാജനകമായ ഓർമ്മകളും പുനരധിവാസത്തിന്റെ പ്രാധാന്യവും മുഖ്യമന്ത്രി പങ്കുവെച്ചു. 64.47 ഹെക്ടറിൽ ആകെ 410 വീടുകൾ നിർമ്മിക്കുന്നു. ഇതിൽ 405 വീടുകൾ ടൗൺഷിപ്പിന്റെ ഭാഗമാണ്. 304 വീടുകളുടെ നിർമ്മാണം ഇതിനകം പൂർത്തിയായി. ഏപ്രിലോടെ എല്ലാ വീടുകളും കൈമാറാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ടൗണ്‍ഷിപ്പ് നിര്‍മാണത്തില്‍ വലിയ തോതില്‍ തടസങ്ങള്‍ ഉണ്ടായെന്നു മുഖ്യമന്ത്രി പറഞ്ഞു . ദുരിതാശ്വാസ നിധിയിലേക്ക് ചില്ലിക്കാശ് നല്‍കരുതെന്ന ആഹ്വാനം വരെ ഉണ്ടായി . എന്നാല്‍ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മാതൃക ഒരിക്കല്‍ കൂടി ലോകം കണ്ടറിഞ്ഞു . 773.98 കോടി രൂപ വയനാട് ദുരന്തത്തിനിരയായവരെ സഹായിക്കാനായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യപ്പെട്ടു.
ദുരന്തബാധിതരുടെ വായ്പാ കുടിശിക തുകയായ 18.75 കോടി രൂപ സര്‍ക്കാര്‍ പൂര്‍ണമായും ഏറ്റെടുത്തു. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. അതില്‍ ഒരു നടപടിയും ഉണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുമായുള്ള കരാറിലൂടെ 299 കോടി രൂപയ്ക്ക് നിർമ്മാണം നടക്കുന്നു. ഒരു പാർപ്പിട സമുച്ചയം എന്നതിലുപരി എല്ലാ സൗകര്യങ്ങളുമുള്ള ഒരു ചെറിയ നഗരമായിട്ടാണ് ടൗൺഷിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. ആരോഗ്യ കേന്ദ്രം, അംഗൻവാടി, ലൈബ്രറി, കമ്മ്യൂണിറ്റി സെന്റർ, മൾട്ടിപർപ്പസ് ഹാൾ, മാർക്കറ്റ്, കളിസ്ഥലം, ഓപ്പൺ തിയേറ്റർ, വൈദ്യുതി സബ്സ്റ്റേഷൻ എന്നിവ ഇവിടെ സജ്ജമാക്കിയിട്ടുണ്ട് . ദുരന്തത്തിന്റെ സ്മരണയ്ക്കായി ഒരു മണ്ണിടിച്ചിൽ സ്മാരകവും ഇവിടെ നിർമ്മിക്കുന്നുണ്ട്. വലിയൊരു ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ വിവിധ വകുപ്പുകളുടെ മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുത്തു.

