മുസാഫർനഗർ : ബീഹാറിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി. ഈസ്റ്റ് സെൻട്രൽ റെയിൽ വേയിലെ സോൻപൂർ ഡിവിഷനിലെ നാരായൺപൂർ അനന്ത് സ്റ്റേഷനിൽ ഷണ്ടിംഗിനിടെയാണ് നാല് വാഗണുകൾ പാളം തെറ്റിയത് .
കാലിയായ വാഗണുകളാണ് അപകടത്തിൽപ്പെട്ടതെന്നും , ആർക്കും പരിക്കുകൾ ഇല്ലെന്നും റെയിൽ വേ അധികൃതർ വ്യക്തമാക്കി . അപകടം നടന്നയുടാൻ ഡിവിഷണൽ റെയിൽ വേ മാനേജർ വിവേക് ഭൂഷൻ സൂദ് അടക്കമുള്ളവർ സ്ഥലത്തെത്തി . സംഭവത്തെ തുടർന്ന് ചില ട്രെയിനുകൾ വഴി തിരിച്ചു വിട്ടു. ചില ട്രെയിനുകൾ മുസാഫർപൂർ, സമസ്തിപൂർ സ്റ്റേഷനുകളിൽ നിർത്തിയിട്ടു. അതേസമയം ട്രെയിൻ പാളം തെറ്റിയതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
അടുത്തിടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടന്നതിനാൽ ഇതും ബോധപൂർവ്വം ഉണ്ടാക്കിയ അപകടമാണോയെന്നാണ് സംശയം . അടുത്തിടെ കാൺപൂർ , പാട്യാല തുടങ്ങി വിവിധ സ്ഥലങ്ങളിൽ ട്രാക്കുകളിൽ മരകഷ്ണങ്ങൾ , കൂറ്റൻ കല്ലുകൾ , ഇരുമ്പ് കമ്പികൾ എന്നിവ വച്ച് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമങ്ങൾ നടന്നിരുന്നു. തമിഴ്നാട്ടിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് 13 കോച്ചുകളാണ് പാളം തെറ്റിയത്. രണ്ട് കോച്ചുകൾക്ക് തീപിടിക്കുകയും ചെയ്തിരുന്നു . അതേസമയം ഇത്തരത്തിൽ ട്രെയിൻ അപകടത്തിൽപ്പെടുത്താൻ ശ്രമിക്കുന്നതിന് പിന്നിൽ ഭീകരർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്.