അയര്‍ലണ്ടില്‍ ലിസ്റ്റീരിയ ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് മറ്റൊരു ഭക്ഷ്യോല്‍പ്പന്നം കൂടി തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം . ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയർലൻഡാണ് Aldi-യുടെ റോസ്റ്റ് ചിക്കൻ ബാസിൽ പെസ്റ്റോ പാസ്റ്റ എന്ന ഉല്‍പ്പന്നത്തിൽ ആരോഗ്യത്തിന് അപകടകരമായ ബാക്ടീരിയ കണ്ടെത്തിയത്.
അടുത്തിടെ രാജ്യത്ത് Listeria monocytogenes അടങ്ങിയ ഭക്ഷണം കഴിച്ച് ഒരാള്‍ മരിച്ചതിന് പിന്നാലെ 150-ഓളം ബ്രാന്‍ഡ് ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ഈയിടെ തിരിച്ചെടുത്തിരുന്നു. ഇതില്‍ 142 എണ്ണം റെഡി ടു ഈറ്റ് ഉല്‍പ്പന്നങ്ങളാണ്. McCormack Family Farms നിര്‍മ്മിക്കുന്ന ഏഴ് ഉല്‍പ്പന്നങ്ങളും കഴിഞ്ഞ ദിവസം തിരിച്ചെടുക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു.
ഈ ഉല്‍പ്പന്നങ്ങള്‍ നേരത്തെ വാങ്ങിയിട്ടുള്ളവര്‍ അത് ഒരു കാരണവശാലും ഉപയോഗിക്കരുതെന്നും, തിരികെ നല്കിയാല് പണം തിരികെ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
പനി, ഒക്കാനം, ഛർദി, വയറിളക്കം, തുടങ്ങിയ ദഹനസംബന്ധമായ പ്രശ്നങ്ങൾ എന്നിവയാണ് ലിസ്റ്റീരിയ മോണോസൈറ്റോജെൻസ് അണുബാധയുടെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നത്. അപൂർവ്വ സന്ദർഭങ്ങളിൽ ഈ അണുബാധ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.

