ഡബ്ലിൻ: അയർലന്റിൽ പക്ഷിപ്പനി ബാധയെ തുടർന്ന് കോഴി വളർത്തലിന് ഏർപ്പെടുത്തിയ ജൈവസുരക്ഷാ നിയമങ്ങൾ പിൻവലിക്കാൻ തീരുമാനം. ഏപ്രിലിൽ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത പശ്ചാത്തലത്തിലാണ് നിയമങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചത്. ഈ മാസം അവസാനം നിയമങ്ങൾ പിൻവലിച്ചുകൊണ്ടുള്ള അറിയിപ്പ് ഔദ്യോഗികമായി പുറപ്പെടുവിക്കുമെന്നാണ് റിപ്പോർട്ടുകൾ.
പക്ഷിപ്പനി ബാധയെ തുടർന്ന് കഴിഞ്ഞ ഡിസംബറിലാണ് ജൈവ സുരക്ഷാ നിയമങ്ങൾ കൊണ്ടുവന്നത്. പിന്നീട് ജനുവരി മുതൽ മാർച്ചുവരെയുള്ള മാസങ്ങളിൽ 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഏപ്രിലിലോ മെയ് മാസം ഇതുവരെയോ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതോടെയാണ് നിയന്ത്രണം നീക്കാൻ തീരുമാനിച്ചത്.

