മലയാളി പ്രേക്ഷകർക്ക് പുറമേ ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള ആരാധകർക്ക് വമ്പൻ സർപ്രൈസ് നൽകി ആശീർവാദ് സിനിമാസ്. മാർച്ച് 20ന് ഉച്ചയ്ക്ക് 1.08ന് പുറത്തിറക്കും എന്ന തരത്തിൽ പ്രൊമോഷൻ കൊടുത്ത ശേഷം അപ്രതീക്ഷിതമായി അർദ്ധരാത്രി 12.25ന് എമ്പുരാൻ സിനിമയുടെ ട്രെയിലർ പുറത്തിറക്കി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ. അപ്രതീക്ഷിതമായി എത്തിയ ട്രെയിലറിന് വലിയ വരവേൽപ്പാണ് ആരാധകർ സോഷ്യൽ മീഡിയയിൽ നൽകുന്നത്.
ഗംഭീര വിഷ്വലുകളും ബിജിഎമ്മും ടോപ് ക്ലാസ് പ്രകടനങ്ങളുമായി പാൻ ഇന്ത്യൻ നിലവാരത്തിലുള്ള വിരുന്നാണ് ട്രെയിലർ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. നിർമ്മാതാക്കളുടെ കൂട്ടത്തിൽ ആന്റണി പെരുമ്പാവൂരിനും ലൈക്ക പ്രൊഡക്ഷൻസിനും ഒപ്പം ഗോകുലം ഗോപാലന്റെ പേര് കൂടി ട്രെയിലറിൽ ചേർത്തിട്ടുണ്ട്. വ്യത്യസ്ത ഗെറ്റപ്പുകളിൽ മോഹൻലാൽ നിറഞ്ഞ് നിൽക്കുന്ന ട്രെയിലറിൽ, ലൂസിഫറിൽ ഉണ്ടായിരുന്ന കഥാപാത്രങ്ങൾക്ക് പുറമേ നിരവധി പുതിയ കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്നു. മലയാള സിനിമയിൽ സമീപകാലത്ത് ഇറങ്ങിയ ഏറ്റവും സമ്പന്നമായ ട്രെയിലറാണ് എമ്പുരാന്റേത് എന്ന് നിസ്സംശയം പറയാം.
മോഹൻലാലിനെ നായകനാക്കി 2019ൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ഇൻഡസ്ട്രി ഹിറ്റ് ചിത്രമായിരുന്നു ലൂസിഫർ. ഇതിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. പൃഥ്വിരാജ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ് രചിച്ചിരിക്കുന്നത്. സുജിത് വാസുദേവ് ഛായാഗ്രഹണവും ദീപക് ദേവ് സംഗീത സംവിധാനവും അഖിലേഷ് മോഹൻ എഡിറ്റിംഗും കൈകാര്യം ചെയ്തിരിക്കുന്നു.