ആലപ്പുഴ: എസ്ഡി കോളേജിൽ പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്ച. സപ്ലിമെന്ററി പരീക്ഷയുടെ ചോദ്യപേപ്പറും, റഗുലർ പരീക്ഷയുടെ ചോദ്യപേപ്പറും മാറി നൽകി . വീഴ്ച്ചയുണ്ടായതിനെ തുടർന്ന് കേരള സർവകലാശാല പരീക്ഷാഫലം തടഞ്ഞുവച്ചു. ഇതിൽ പ്രതിഷേധിച്ച് കോളേജിൽ എസ്എഫ്ഐ സമരം ആരംഭിച്ചു.
ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പറാണ് മാറി നൽകിയത് . സപ്ലിമെന്ററി പരീക്ഷ എഴുതിയവർക്ക് റഗുലർ പരീക്ഷയുടെ ചോദ്യപേപ്പറും, റഗുലർ പരീക്ഷ എഴുതിയവർക്ക് സപ്ലിമെന്ററി പരീക്ഷയുടെ ചോദ്യപേപ്പറുമാണ് നൽകിയത്.
ഡിസംബർ അവസാനവും ജനുവരി ആദ്യവുമാണ് പരീക്ഷകൾ നടന്നത്. ഫെബ്രുവരി 4 ന് ഫലം പുറത്തുവരാൻ തുടങ്ങി. എന്നാൽ ചോദ്യപേപ്പർ കോഡ് മാറിയ പരീക്ഷകളുടെ ഫലങ്ങൾ പുറത്തിറങ്ങിയില്ല. അധ്യാപകർ തെറ്റായ ചോദ്യപേപ്പർ നൽകിയതിനാൽ കോഡുകൾ മാറിയതോടെ സർവകലാശാല പരീക്ഷാഫലം തടഞ്ഞുവയ്ക്കുകയായിരുന്നു . ഇങ്ങനെയാണ് പിശക് കണ്ടെത്തിയത്. കോളേജ് അധികൃതരുടെ പിഴവ് കാരണം സർവകലാശാല പരീക്ഷാഫലം തടഞ്ഞുവച്ചതിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. എസ്.എഫ്.ഐ സമരം ആരംഭിച്ചു. അതേസമയം, തെറ്റായ ചോദ്യപേപ്പറുകൾ നൽകിയതായി കോളേജ് പ്രിൻസിപ്പൽ ഡോ. വി.ആർ. പ്രഭാകരൻ നായർ സമ്മതിച്ചു.

