കണ്ണൂർ : കൈതപ്രത്ത് ഗുഡ്സ് ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണനെ വെടിവച്ച് കൊലപ്പെടുത്തിയതിനു കാരണം ഇദ്ദേഹത്തിന്റെ ഭാര്യയുമായുള്ള പ്രതിയുടെ സൗഹൃദം തകർന്നതിന്റെ പകയിലാണെന്ന് പോലീസ് . പ്രതി സന്തോഷും, കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ ഭാര്യയും സഹപാഠികളായിരുന്നു.സൗഹൃദം തുടരാൻ രാധാകൃഷ്ണൻ അനുവദിക്കാത്തതാണ് സന്തോഷിനെ പ്രകോപിപ്പിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് ക്രൂരമായ കൊലപാതകം നടന്നത്.
കൊലപാതകത്തിനു മുൻപ് ഇതുമായി ബന്ധപ്പെട്ട സൂചനകൾ ഫേസ്ബുക്കിൽ സന്തോഷ് പങ്ക് വച്ചിരുന്നു . കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള മാതമംഗലത്ത് രാധാകൃഷ്ണന്റെ നിർമ്മാണത്തിലിരുന്ന് വീട്ടിൽ വച്ചായിരുന്നു കൊലപാതകം.
അന്ന് വൈകുന്നേരം, രാധാകൃഷ്ണൻ തന്റെ വീടിന് മുന്നിൽ അയൽപക്കത്തെ വോളിബോൾ കളി കാണാൻ എത്തിയിരുന്നു . മത്സരം കഴിഞ്ഞ്, വെറും 10 മീറ്റർ അകലെയുള്ള നിർമ്മാണത്തിലിരിക്കുന്ന വീട്ടിലേയ്ക്ക് രാധാകൃഷ്ണൻ നടന്നുപോയതായും പഞ്ചായത്ത് അംഗം എൻ കെ സുജിത് പറഞ്ഞു.
‘ വൈകുന്നേരം 7.10 ഓടെ, അദ്ദേഹത്തിന്റെ മകൻ കാര്യം വന്ന് പറഞ്ഞപ്പോൾ ഞങ്ങളാരും ആദ്യം അത് വിശ്വസിച്ചില്ല . അയാൾ വോളിബോൾ മത്സരം കാണുന്നത് കണ്ടവരല്ലേ ഞങ്ങൾ . നിർമ്മാണത്തിലിരിക്കുന്ന വീട്ടിലെത്തിയപ്പോൾ, സന്തോഷ് അമിതമായി മദ്യപിച്ചിരുന്നു. പക്ഷേ തോക്ക് ഒന്നും കണ്ടില്ല.
അയൽക്കാരും പോലീസും രാധാകൃഷ്ണനെ കണ്ടെത്തിയപ്പോൾ, അദ്ദേഹത്തിനു ജീവനുണ്ടായിരുന്നു. പക്ഷേ ആശുപത്രിയിൽ എത്തും മുൻപ് മരിച്ചു ,” സുജിത് പറഞ്ഞു.
രാധാകൃഷ്ണന്റെ നെഞ്ചിലായിരുന്നു വെടിയേറ്റത്. നാടൻ തോക്കാണ് കൊലപാതകത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇതിന് ലൈസൻസ് ഉണ്ടോ എന്ന കാര്യം വ്യക്തമല്ല.