കോഴിക്കോട്: താമരശ്ശേരി രൂപത കത്തോലിക്കാ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ നടക്കുന്ന അവകാശ വിളംബര റാലിയിൽ വനം വകുപ്പിനും സർക്കാരിനുമെതിരെ രൂക്ഷ വിമർശനം. ന്യൂനപക്ഷ അവകാശങ്ങൾ, കാർഷിക പ്രതിസന്ധി, ക്രൈസ്തവർ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തിൽ റാലി നടക്കുന്നത് . കോഴിക്കോട് മുതലക്കുളം ഗ്രൗണ്ടിൽ നടന്ന പൊതുസമ്മേളനം തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു.
“ഞങ്ങൾ കുടിയൊഴിപ്പിക്കലിൻ്റെ വക്കിലാണ്. സർക്കാർ കണ്ണുതുറക്കണം. വീട്ടിൽ പന്നിയിറച്ചി ഉണ്ടോ എന്ന് പരിശോധിക്കാൻ ഒരു ഫോറസ്റ്റ് ഓഫീസറും ഞങ്ങളുടെ വീട്ടിൽ കയറരുത്. അത്തരം നുഴഞ്ഞുകയറ്റം അനുവദിക്കരുത്. ഈ യോഗം ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കുള്ള മുന്നറിയിപ്പാണ് . ക്രിസ്ത്യൻ സമൂഹമാണ് സമരത്തിൻ്റെ മുൻനിരയിൽ നിൽക്കുന്നതെന്ന് “ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.
“അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് കരാറുകൾ തിരുത്തിയെഴുതാൻ കഴിയുമെങ്കിൽ, എന്തുകൊണ്ട് അത് ഇവിടെ ചെയ്തുകൂടാ? ഇത് സർക്കാരിനെ നേരിടേണ്ട സമയമാണ്, വനം മന്ത്രി അന്ധനാണ്, മറ്റാരോ എഴുതിയ നിയമങ്ങളിൽ അദ്ദേഹം ഒപ്പിടുക മാത്രമാണ് ചെയ്യുന്നത് . കഴിവില്ലെങ്കിൽ വനംമന്ത്രി രാജിവയ്ക്കണം, ആനയുടെ ആക്രമണത്തിൽ ഇനി ആളുകൾ മരിക്കരുത്, ജെബി കോശി കമ്മീഷൻ റിപ്പോർട്ട് തള്ളിക്കളയുന്നത് എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
നമ്മുടെ അവകാശങ്ങൾ അംഗീകരിക്കുകയും അനുവദിക്കുകയും ചെയ്താൽ പുതിയ രാഷ്ട്രീയ പാർട്ടിയുടെ ആവശ്യമില്ലെന്നും അങ്ങനെ സംഭവിച്ചില്ലെങ്കിൽ പാർട്ടി രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്നും’ ബിഷപ്പ് റെമിജിയോസ് കൂട്ടിച്ചേർത്തു.
‘ ക്രിസ്ത്യൻ സമൂഹത്തിന് അർഹമായത് നൽകണം, ഒരു സമുദായത്തിൻ്റെ മാത്രം വളർച്ചയും മറ്റുള്ളവർക്ക് അവകാശ നിഷേധവും അസ്വീകാര്യമാണ്, വഖഫ് ബില്ലിനെ പിന്തുണയ്ക്കാൻ സഭാ നേതൃത്വം എംപിമാരോട് അഭ്യർത്ഥിച്ചു. ചിലർ ഇത് കുറ്റമായി ചിത്രീകരിക്കാൻ ശ്രമിച്ചു.ആരാണ് യഥാർത്ഥത്തിൽ ക്രിസ്ത്യാനികൾക്കൊപ്പം നിൽക്കുന്നതെന്ന് അറിയാൻ ഞങ്ങൾക്ക് അവകാശമുണ്ട്. വേണമെങ്കിൽ ഞങ്ങൾ രാഷ്ട്രീയ പാർട്ടിയുണ്ടാക്കും.അത് അസാധ്യമാണെന്ന് ആരും കരുതേണ്ട. രാഷ്ട്രീയ പാർട്ടികളുടെ നിലപാട് മൂലം വോട്ട് നഷ്ടപ്പെട്ടാൽ സഭയ്ക്ക് പ്രശ്നമില്ല. ജീവൻ രക്ഷിക്കാൻ വനം മന്ത്രിയുടെ അനുവാദം വേണ്ട. ഉദ്യോഗസ്ഥർ വന്യമൃഗങ്ങളെ നിയന്ത്രിച്ചില്ലെങ്കിൽ മലയോര ജനത കൊലക്കുറ്റം ചുമത്തും വരെ സമരം ചെയ്യും ‘ എന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.