തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വച്ച് റസൂൽ പൂക്കുട്ടി. സർക്കാർ മാറിയതിന് പിന്നാലെയാണ് രാജി. രാജിക്കത്ത് ചീഫ് സെക്രട്ടറിയ്ക്ക് കൈമാറി . പിണറായി സർക്കാരാണ് റസൂൽ പൂക്കുട്ടിയെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേയ്ക്ക് നിയമിച്ചത് . പുതുതായി വന്ന യുഡിഎഫ് സർക്കാർ റസൂൽ പൂക്കുട്ടിയോട് തുടരാൻ ആവശ്യപ്പെട്ടിരുന്നില്ല.
ഹേമക്കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നതിനു പിന്നാലെ സംവിധായകൻ രഞ്ജിത്ത് രാജിവച്ച ഒഴിവിലേക്കാണ് റസൂൽ പൂക്കുട്ടി വന്നത് . താൽക്കാലികമായി വന്ന ചെയർമാൻ പ്രേം കുമാർ ആശാപ്രവർത്തകരുടെ സമരത്തിനു പിന്തുണ നൽകിയതിനെ തുടർന്ന് സർക്കാരുമായി അഭിപ്രായ വ്യത്യാസങ്ങളുമായിരുന്നു.
പിന്നാലെയായിരുന്നു പിണറായി സർക്കാർ റസൂൽ പൂക്കുട്ടിയെ നിയമിച്ചത് . സംഭവത്തിൽ പ്രേം കുമാർ അതൃപ്തിയും അറിയിച്ചിരുന്നു. അതേസമയം റസൂൽ പൂക്കുട്ടിയ്ക്ക് പകരമായി ജഗദീഷിനെയും ,സലീം കുമാറിനെയും തൽസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നുണ്ട്. എന്നാൽ, നിലവിൽ ഒരു സ്ഥാനത്തിനും തനിക്ക് പറ്റില്ലെന്നും സിനിമാ പദ്ധതികളുമായി തിരക്കിലാണെന്നും ജഗദീഷ് അറിയിച്ചു.
ഇക്കാര്യം സാംസ്ക്കാരിക വകുപ്പിനെ അറിയിച്ചിട്ടുമുണ്ട് . കോൺഗ്രസ് നേതാവും സംവിധായകനും നിർമ്മാതാവുമായ ദീപു കരുണാകരനും പരിഗണനയിലുണ്ട്. സംസ്ഥാനത്ത് സർക്കാർ മാറിയതിനെത്തുടർന്ന്, സംസ്ഥാന സാംസ്കാരിക പ്രവർത്തന ക്ഷേമനിധി ബോർഡിന്റെ ചെയർമാനായി സേവനമനുഷ്ഠിച്ചിരുന്ന നടൻ മധുപാലും രാജിവച്ചു.

