കൊച്ചി: കോതമംഗലത്ത് നടന്ന ‘ലവ് ജിഹാദ്’ കേസിലെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ് . മുഖ്യപ്രതി റമീസിന്റെ മാതാപിതാക്കളെ തിങ്കളാഴ്ച രാവിലെ സേലത്ത് നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും എറണാകുളത്തേക്ക് കൊണ്ടുവരികയും പിന്നീട് ഔദ്യോഗിക അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
കേസിൽ പിതാവ് റഹീം രണ്ടാം പ്രതിയും,മാതാവ് ശരീഫ മൂന്നാം പ്രതിയുമാണ് . കോതമംഗലം കറുകടം ഞാഞ്ഞൂള്‍മല നഗറില്‍ കടിഞ്ഞുമ്മേല്‍ പരേതനായ എല്‍ദോസിന്റെ മകളായ സോനയെ ഓഗസ്റ്റ് 9 ന് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യ കുറിപ്പിൽ റമീസിനും , കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉണ്ടായിരുന്നത് .
റമീസും, കുടുംബവും മതം മാറാൻ നിർബന്ധിച്ചിരുന്നുവെന്നും , അതിന്റെ പേരിൽ മർദ്ദിച്ചിരുന്നുവെന്നും സോന കുറിപ്പിൽ പറഞ്ഞിരുന്നു. ആത്മഹത്യക്കുറിപ്പിലെ വെളിപ്പെടുത്തലുകൾ പ്രകാരം, റമീസിനും, മാതാപിതാക്കൾക്കുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തു.
ഓഗസ്റ്റ് 12 ന് മുഖ്യമന്ത്രി പിണറായി വിജയന് സോനയുടെ കുടുംബം സമർപ്പിച്ച നിവേദനത്തിൽ, അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറണമെന്ന് ആവശ്യപ്പെട്ടു. സംഭവത്തിന് ഗുരുതരമായ ദേശീയ സുരക്ഷാ പ്രത്യാഘാതങ്ങളുണ്ടെന്നും പരാതിയിൽ പറയുന്നു. കുറ്റകൃത്യത്തിന് തീവ്രവാദ ശൃംഖലകളുമായി ബന്ധമുണ്ടെന്നും , ഇത് മറ്റ് യുവതികളെയും സമാനമായ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനെക്കുറിച്ചാണ് പറയുന്നതെന്നും സോനയുടെ കുടുംബം നിവേദനത്തിൽ പറഞ്ഞിരുന്നു.
അതേസമയം ആത്മഹത്യാ പ്രേരണ, വിവാഹത്തിന്റെ മറവിൽ ബലാത്സംഗം, തീവ്രവാദ സംഘടനകളുമായുള്ള ബന്ധം എന്നിവയുൾപ്പെടെ അന്വേഷിക്കാൻ എറണാകുളം റൂറൽ പോലീസ് മൂവാറ്റുപുഴ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ 10 അംഗ എസ്.ഐ.ടി. രൂപീകരിച്ചിട്ടുണ്ട്.

