മലപ്പുറം : വാക്സിനേഷൻ എടുത്തതിന് ശേഷവും പേവിഷബാധ ഉണ്ടായ അഞ്ച് വയസുകാരി മരിച്ചു . മലപ്പുറം പെരുവള്ളൂർ കാക്കത്തടം സ്വദേശി സൽമാൻ ഫാരിസിൻ്റെ മകൾ സിയ ഫാരിസാണ് മരിച്ചത് . കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം .
മാർച്ച് 29 ന് മിഠായി വാങ്ങാൻ പോയപ്പോഴാണ് സിയ ഫാരിസിനെ തെരുവ് നായ കടിച്ചത്. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൽ എത്തിച്ച് ഐഡിആർബി വാക്സിൻ നൽകി.എന്നാൽ, പനിയും പേവിഷബാധയുടെ ലക്ഷണങ്ങളും കണ്ടതിനെ തുടർന്ന് 23ന് കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
26ന് സിയ ഫാരിസിന് പേവിഷബാധ സ്ഥിരീകരിച്ചതായി മാതൃശിശു സംരക്ഷണ കേന്ദ്രം പീഡിയാട്രിക് എച്ച്ഒഡി ഡോ.വിജയകുമാർ പറഞ്ഞു. കുട്ടിയെ തെരുവ് നായ കടിച്ച ദിവസം മറ്റ് അഞ്ച് പേർക്ക് കൂടി കടിയേറ്റിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.