തിരുവനന്തപുരം : മഴക്കെടുതികൾ വിലയിരുത്താൻ ചാർട്ടേഡ് വിമാനത്തിൽ മലപ്പുറത്തേക്ക് പോയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ . തനിക്ക് പരിചയമുള്ള ഒരാളാണ് വിമാനം ഏർപ്പാടാക്കിയതെന്നും അതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയായിരുന്നപ്പോൾ പിണറായി വിജയനും സ്വകാര്യ വിമാനങ്ങളിൽ യാത്ര ചെയ്തിട്ടുണ്ടെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണവെ സതീശൻ പറഞ്ഞു
‘ഞാൻ വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ട്. എന്നാൽ ഇതുവരെയുള്ള എന്റെ വിമാന-ഹെലികോപ്റ്റർ യാത്രകൾക്കൊന്നിനും ഞാൻ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. മുൻ സർക്കാർ ഉണ്ടാക്കിയ കരാർ പ്രകാരം, ഹെലികോപ്റ്റർ ഉപയോഗിച്ചാലും ഇല്ലെങ്കിലും മാസം 80 ലക്ഷം രൂപ നൽകണമായിരുന്നു. ആ കരാർ സെപ്റ്റംബർ 19-ന് അവസാനിച്ചു. ആ കരാറിന് മുമ്പ് ഞാൻ രണ്ടുതവണ ഹെലികോപ്റ്റർ ഉപയോഗിച്ചിട്ടുണ്ട് . എന്നാൽ ഈ സർക്കാർ അധികാരത്തിൽ വന്നശേഷം എന്റെ യാത്രയ്ക്കായി ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല.
മലപ്പുറത്തുണ്ടായ വലിയ ദുരന്തത്തിൽ ആറുപേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. അന്ന് അവിടെ പോകാൻ എനിക്ക് പരിചയമുള്ള ഒരാൾ വിമാനം ഏർപ്പാടാക്കിത്തന്നു. അതിൽ എന്താണ് തെറ്റ്? അത് സംബന്ധിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന ഞാൻ കണ്ടു. ആരാണ് വിമാനം ഏർപ്പാടാക്കിയതെന്ന് അറിയണമെന്നാണ് അദ്ദേഹം പറഞ്ഞത്.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോഴും അദ്ദേഹം കേരളത്തിൽ സ്വകാര്യ വിമാനങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്. അന്ന് അവ ഏർപ്പാടാക്കിയവരുടെ പേരുകൾ അദ്ദേഹം വെളിപ്പെടുത്തിയിരുന്നോ? അവിടെ പോയി തിരിച്ചുവരാൻ ഒരു മലയാളി തന്നെയാണ് എനിക്കായി ഈ വിമാനം ഏർപ്പാടാക്കിയത്. അതിന് പണം മുടക്കിയത് ആരാണെന്ന് പറയേണ്ടതില്ല. എന്തിനാണ് അവരുടെ പേര് ഇതിലേക്ക് വലിച്ചിഴക്കുന്നത്? ആവശ്യം വന്നാൽ ഇനിയും ഞാൻ യാത്ര ചെയ്യും.
മുൻ മുഖ്യമന്ത്രിമാരും സമാനമായ രീതിയിൽ സ്വകാര്യ വിമാനങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്. എനിക്കായി വിമാനം ഏർപ്പാടാക്കി എന്നതുകൊണ്ട് മാത്രം അവർക്ക് വേണ്ടി ഞാൻ എന്തെങ്കിലും ചെയ്യേണ്ടി വന്നിട്ടില്ല. മന്ത്രിമാർ വിദേശത്തേക്ക് യാത്ര ചെയ്യുന്നതിനെക്കുറിച്ച് എന്തിനാണ് ഇത്രയധികം വാർത്തകൾ വരുന്നത്? അവർ സ്വന്തം ചെലവിലാണ് യാത്ര ചെയ്യുന്നത്. “ എന്നും വി ഡി സതിശൻ പറഞ്ഞു.

