കോട്ടയം: തനിക്ക് ലഭിക്കുന്ന പത്മ പുരസ്ക്കാരം സമൂഹത്തിന് സമർപ്പിക്കുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ . വിമർശനങ്ങളെ താൻ തള്ളിക്കളയുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാഗമ്പടം ക്ഷേത്രത്തിൽ കോട്ടയം എസ്എൻഡിപി യൂണിയൻ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പല ഘട്ടങ്ങളിലും പലരും എന്നെ കൊല്ലാൻ ശ്രമിച്ചിട്ടുണ്ട്, പക്ഷേ എന്നെ കൊല്ലാൻ ശ്രമിച്ചവരെല്ലാം മരിച്ചു. ഞാൻ ഇപ്പോഴും ചക്കക്കുരു പോലെ നിൽക്കുന്നു. എനിക്കെതിരെയുള്ള എല്ലാ വിമർശനങ്ങളെയും ഞാൻ തള്ളിക്കളയും . അനാവശ്യ വിമർശകരോട് ഞാൻ പറയും, ‘പോടാ പുല്ലേ’ എന്ന് . സമൂഹം നൽകിയ പദവി ഞാൻ കളഞ്ഞുകുളിച്ചിട്ടില്ല . എനിക്ക് പാർലമെന്ററി അഭിലാഷമില്ല.
എനിക്ക് അങ്ങനെ ഒരു ആഗ്രഹമുണ്ടെന്ന് തോന്നിയാൽ എന്നെ ഊളംപാറയിലേക്ക് അയയ്ക്കണം. ചിലർ എന്നെ പറ്റി മോശമായി സംസാരിക്കാൻ യൂട്യൂബർമാർക്ക് പണം നൽകുന്നു. ഞാൻ ഒറ്റയ്ക്ക് നിന്നാൽ ഞാൻ ഒരു പൂജ്യമാണ്, നിങ്ങൾ എന്നോടൊപ്പം നിന്നാൽ ഞാൻ ഒരു ഹീറോയാണ്. മറ്റ് സമുദായങ്ങളിൽ നിന്നുള്ളവർ വലിയ വീടുകൾ പണിയുമ്പോൾ, വീടില്ലാത്തവർ പിന്നാക്ക സമുദായങ്ങളിൽ നിന്നും പട്ടികജാതിക്കാരിൽ നിന്നുമാണ്. തൊഴിലുറപ്പ് ജോലികൾക്കായി പോകുന്നവരിൽ ഭൂരിഭാഗവും ഈഴവ സമുദായത്തിൽ നിന്നുള്ളവരാണ്. കോട്ടയത്ത്, ഒരു ഈഴവന്റെ വോട്ടിന് വിലയില്ല. അത് വിലപ്പെട്ട ഒരു വോട്ടായി മാറണം,’ വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

