കൊല്ലം : വാക്സിൻ എടുത്ത ശേഷവും പേവിഷബാധയേറ്റ ഏഴുവയസുകാരിയ്ക്ക് ദാരുണാന്ത്യം . തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയാണ് നിയ ഫൈസൽ മരിച്ചത്. കൊല്ലത്തെ വിളക്കുടി സ്വദേശിയാണ് നിയ. മൃതദേഹം ആലഞ്ചേരി മുസ്ലിം ജമാഅത്ത് പള്ളിയിൽ സംസ്കരിച്ചു.പ്രോട്ടോക്കോളിന്റെ ഭാഗമായി മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരികയോ പൊതുദർശനത്തിന് വയ്ക്കുകയോ ചെയ്തില്ല. കുട്ടിയുടെ അമ്മയോട് ക്വാറന്റൈനിൽ കഴിയാനും നിർദ്ദേശിച്ചിട്ടുണ്ട്.
ഏപ്രിൽ 8 നാണ് നിയയ്ക്ക് നായയുടെ കടിയേറ്റത് . ഏപ്രിൽ 29 ന് പനി ബാധിച്ച് താലൂക്ക് ആശുപത്രിയിലും പിന്നീട് എസ്എടിയിലും പ്രവേശിപ്പിച്ചു. ഞരമ്പിൽ കടിയേതിനെത്തുടർന്ന് റാബിസ് വൈറസ് രക്തത്തിൽ കലർന്ന് തലച്ചോറിൽ പ്രവേശിച്ചതായാണ് റിപ്പോർട്ട്.
നിയയുടെ മരണത്തോടെ, ഒരു മാസത്തിനുള്ളിൽ സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിക്കുന്ന കുട്ടികളുടെ എണ്ണം മൂന്നായി. തലച്ചോറിലെ വൈറസിന്റെ തീവ്രത കുറയ്ക്കുന്നതിന് ആവശ്യമായ എല്ലാ ആന്റിവൈറൽ മരുന്നുകളും ഉൾപ്പെടുന്ന സങ്കീർണ്ണമായ ചികിത്സ ഉണ്ടായിരുന്നിട്ടും മരണം സംഭവിച്ചത് ഏറെ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
അതേസമയം, വീടിനടുത്ത് മാലിന്യം തള്ളുന്നുണ്ടെന്നും തെരുവ് നായ്ക്കൾ ഇവിടെ ഗുരുതരമായ ശല്യമാണെന്നും പെൺകുട്ടിയുടെ അമ്മ ഹബീറ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നിരവധി പരാതികൾ നൽകിയിട്ടും അധികൃതർ നടപടിയെടുത്തിന്നില്ലെന്നും എല്ലാവരും ചേർന്ന് തന്റെ കുഞ്ഞിനെ കൊന്നുവെന്നും തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ അവർ പറഞ്ഞു.

