കൊല്ലം: മയ്യനാട് താന്നിയിൽ രണ്ടു വയസ്സുള്ള മകനെ കൊലപ്പെടുത്തി ദമ്പതികൾ ആത്മഹത്യ ചെയ്തു. അജീഷ് (38), ഭാര്യ സുലു (36), മകൻ ആദി എന്നിവരാണ് മരിച്ചത്. ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ അജീഷിന് രണ്ടാഴ്ച മുമ്പാണ് കാൻസർ സ്ഥിരീകരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകളും രോഗവും കൂടിച്ചേർന്നതാണ് ദമ്പതികളെ ഈ കടുത്ത നടപടിയിലേക്ക് നയിച്ചതെന്ന് ഇരവിപുരം സ്റ്റേഷൻ ഹൗസ് ഓഫീസർ രാജീവ് പറഞ്ഞു.
അജീഷിന്റെ മാതാപിതാക്കൾക്കൊപ്പം ഒരു വാടക വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. രാവിലെ ദമ്പതികൾ വാതിൽ തുറക്കാതിരുന്നതോടെ മാതാപിതാക്കൾ സുലുവിന്റെ മാതാപിതാക്കളെയും വിളിച്ചു വരുത്തി കതക് തുറന്നപ്പോഴാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം കിടക്കയിലായിരുന്നു. അജീഷും സുലുവിനെയും തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത് .സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.