കൊച്ചി: സിഎംആർഎൽ–എക്സലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണത്തിന് അടിയന്തര സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി . അന്വേഷണം തുടരാനും അനുമതി നൽകി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇത് സംബന്ധിച്ച് റെയ്ഡ് നടന്നതിനു പിന്നാലെയാണ് സിഎം ആർ എൽ ഇഡി അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചത്.
എന്നാൽ കേസിൽ വാദം കേട്ട ജസ്റ്റിസ് രാജാ വിജയരാഘവൻ , ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരടങ്ങുന്ന ബെഞ്ച് ഇഡി അന്വേഷണം തുടരാൻ അനുവദിച്ചു. ഇടക്കാല സ്റ്റേ കോടതി നിരസിച്ചതോടെ, കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം അന്വേഷം തുടരും. പ്രാഥമിക ഘട്ടത്തിൽ തുടരുന്ന അന്വേഷണം നിർത്താൻ ഉടനടി ന്യായീകരണമില്ലെന്ന് കോടതി നിരീക്ഷിച്ചു. കമ്പനിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പുതന്നെ ഇഡി തങ്ങളുടെ അധികാരപരിധി ലംഘിച്ചുവെന്നും നടപടികൾ ആരംഭിച്ചുവെന്നുമാണ് സിഎംആർഎൽ വാദിച്ചത്.
രാഷ്ട്രീയനേതാവാണ് ഇത് സംബന്ധിച്ച് പരാതി നൽകിയതെന്നും സിഎം ആർ എൽ വാദിച്ചിരുന്നു. വാദം കേൾക്കുന്നതിനിടെ, അന്വേഷണം തുടരാൻ അനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. കമ്പനിക്ക് അവരുടെ നിലപാട് സ്ഥാപിക്കാൻ പ്രസക്തമായ എല്ലാ രേഖകളും ഹാജരാക്കാൻ കഴിയുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു തെറ്റും കണ്ടെത്തിയില്ലെങ്കിൽ, സിഎംആർഎല്ലിന് ക്ലീൻ ചിറ്റ് ലഭിക്കുമെന്നും കോടതി നിരീക്ഷിച്ചു.
എക്സലോജിക്കുമായുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കുന്നതിൽ കമ്പനി എതിർപ്പ് പ്രകടിപ്പിക്കുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനാണ് സിഎംആർഎല്ലിന് വേണ്ടി ഹാജരായത്. അഡീഷണൽ സോളിസിറ്റർ ജനറലാണ് ഇഡിയെ പ്രതിനിധീകരിച്ചത്. അതേസമയം ഇടക്കാല ആശ്വാസം ലഭിക്കാത്തതിനാൽ, കേസുമായി ബന്ധപ്പെട്ട വ്യക്തികളെ ഇഡി ചോദ്യം ചെയ്യുന്നതും വിളിച്ചുവരുത്തുന്നതും തുടരാം.

