തിരുവനന്തപുരം ; വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനു പിന്നാലെ കടുത്ത അതൃപ്തിയിൽ രമേശ് ചെന്നിത്തല . നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് രമേശ് ചെന്നിത്തലയുടെ വീട്ടിൽ എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അദ്ദേഹം എത്തുന്നതിന് മുമ്പ് രമേശ് ചെന്നിത്തല വീട്ടിൽ നിന്ന് പുറത്തേയ്ക്ക് പോയി. അടുത്ത ബന്ധുവിനെ സന്ദർശിക്കാൻ പോകുകയാണെന്ന് പറഞ്ഞാണ് ചെന്നിത്തല വീട്ടിൽ നിന്ന് പോയത്. ജോസഫ് വാഴയ്ക്കനും അൻവർ സാദത്തും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. മാത്രമല്ല ചെന്നിത്തല രാജി വയ്ക്കുമെന്ന മട്ടിലും അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.
കോൺഗ്രസിനുള്ളിലെ കെ സി വേണുഗോപാലിന്റെ ക്യാമ്പിലും അതൃപ്തി പുകയുന്നു. കെ സിക്കെതിരെ ആസൂത്രിതമായ നീക്കം നടക്കുന്നുണ്ടെന്നും ഇക്കാര്യം പാർട്ടി ഹൈക്കമാൻഡിൻറെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹത്തോട് അടുപ്പമുള്ള നേതാക്കൾ പറയുന്നു. സതീശന് അനുകൂലമായ തീരുമാനം ഇതിനകം തന്നെ ഉണ്ടായിട്ടുണ്ടെങ്കിൽ പ്രഖ്യാപനം വൈകിപ്പിച്ചത് എന്തുകൊണ്ടാണെന്നും കെ സി പക്ഷം ചോദിക്കുന്നു . ചില നേതാക്കൾ പരസ്യമായി എതിർപ്പും പ്രകടിപ്പിച്ചിട്ടുണ്ട്.
കെ.സി.ക്കെതിരെ സംഘടിത ആക്രമണം നടന്നതായും ഇതിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും എംഎൽഎ നിയുക്തനായ പഴകുളം മധു പറഞ്ഞു. മുഖ്യമന്ത്രി പ്രഖ്യാപനം എം.എൽ.എമാരുടെ പൊതുവികാരത്തിന് വിരുദ്ധമാണെന്നും അദ്ദേഹം സൂചന നൽകി.മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അവസാന നിമിഷം മാറ്റിനിർത്തപ്പെട്ടതിൽ നിരാശനാണെങ്കിലും, കേരളത്തിലെ പാർട്ടിയുടെ സംഘടനാ ജനറൽ സെക്രട്ടറി എന്ന നിലയിൽ കെ.സി. വേണുഗോപാൽ തന്റെ സ്വാധീനം നിലനിർത്തും. മന്ത്രിമാരുടെ പട്ടികയിൽ അന്തിമ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിനുള്ളതിനാൽ, കെ.സിയ്ക്കും ഇതിൽ പ്രധാന പങ്കുണ്ടാകും. മന്ത്രിമാരെ തീരുമാനിക്കുനൻ കാര്യത്തിൽ നേരിട്ട് ഇടപെടാൻ വേണുഗോപാലിനോട് വി ഡി സതീശൻ അഭ്യർത്ഥിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.
അതേസമയം, ബുധനാഴ്ച തന്നെ മല്ലികാർജുൻ ഖാർഗെയുമായുള്ള ചർച്ചയിൽ രാഹുൽ ഗാന്ധി വി.ഡി. സതീശന്റെ പേര് തീരുമാനിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. തീരുമാനത്തെക്കുറിച്ച് അറിയിച്ചതിന് ശേഷം കെ സി വേണുഗോപാൽ അതൃപ്തി അറിയിച്ചതായും സൂചനയുണ്ട്.

