ചെന്നൈ : മയക്കുമരുന്ന് കടത്താൻ ശ്രമിച്ച സംഭവത്തിൽ മലയാളി നടി അഞ്ജു കൃഷ്ണ ഉൾപ്പെടെ എട്ട് പേർ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചു. ചെന്നൈയിലെ വാൽസരവാക്കത്ത് നടത്തിയ റെയ്ഡിനിടെയാണ് മെത്താംഫെറ്റാമൈൻ, കഞ്ചാവ്, എന്നിവയുമായി നടിയെയും സംഘത്തെയും ആന്റി-നാർക്കോട്ടിക് ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് സംഭവം. തമിഴ് സിനിമകളിലെ അസോസിയേറ്റ് ഡയറക്ടർ വിൻസി നിവേദയും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് സംഘങ്ങളെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചത് നേശപാക്കം സ്വദേശി വിഘ്നേശ്വരനെ മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തതോടെയാണ്. ചോദ്യം ചെയ്യലിൽ, പോരൂരിനടുത്ത് വെങ്കിടേഷ് കുമാറിൽ നിന്ന് മയക്കുമരുന്ന് വാങ്ങിയതായി വിഘ്നേശ്വരൻ പറഞ്ഞിരുന്നു. ഇതോടെ, ആന്റി-നാർക്കോട്ടിക് ഇന്റലിജൻസ് യൂണിറ്റ് മഫ്തിയിൽ വെങ്കിടേഷുമായി ബന്ധപ്പെട്ടു. തുടർന്ന് വെങ്കിടേഷും സംഘവും മയക്കുമരുന്ന് നൽകുന്നതിനായി വാലസരവാക്കത്തിന് സമീപം എത്തി. തുടർന്ന് അന്വേഷണ സംഘം പ്രതികളെ അറസ്റ്റ് ചെയ്തു.
കാർത്തിക് രാജ, യശ്വന്ത്, ശ്രീറാം, കോവിലമ്പാക്കം ആൽവി ബിൻഷ, വിൻസി നിവേത, അഞ്ജു കൃഷ്ണ എന്നിവർ കാറിലുണ്ടായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികളിൽ നിന്ന് ആറ് ഗ്രാം മെത്താംഫെറ്റാമൈൻ, 15 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, സ്മോക്കിംഗ് ബോംഗ്, ഒമ്പത് മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു. പിടിച്ചെടുത്ത ഫോണുകൾ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തിയാൽ മയക്കുമരുന്ന് ശൃംഖലയിലെ വമ്പൻ സ്രാവുകളെ പിടികൂടാൻ കഴിയുമെന്നാണ് പോലീസ് നിഗമനം.
മോഡലിംഗിലൂടെയാണ് അഞ്ജു കൃഷ്ണ തന്റെ കരിയർ ആരംഭിച്ചത്. വെള്ളിമലൈ എന്ന തമിഴ് ചിത്രത്തിലും ജോജു ജോർജ് അഭിനയിച്ച മലയാള ചിത്രമായ ആരോയിലും അഭിനയിച്ചിട്ടുണ്ട്. ‘പ്രിയങ്കരി’ എന്ന ജനപ്രിയ സീരിയലിലും അവർ അഭിനയിച്ചിട്ടുണ്ട്. എല്ലാവരെയും മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു. പോലീസ് അന്വേഷണം തുടരുന്നതുവരെ അവർ കസ്റ്റഡിയിൽ തുടരും.

