കൊൽക്കത്ത : ബംഗാൾ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും 60 ദിവസം വരെ കേന്ദ്രസേന ബംഗാളിൽ ഉണ്ടാവുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. കഴിഞ്ഞ ദിവസമാണ് ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം അവസാനിച്ചത് . ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് വഹിക്കുന്നത്. അമിത് ഷാ റോഡ് ഷോകൾ നടത്തുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സജീവമായി പ്രചാരണം നടത്താനും രംഗത്തുണ്ട്.
എല്ലാ റാലികളിലും, ടിഎംസിയുടെ “ഗുണ്ടായിസം” ആണ് അമിത് ഷാ കേന്ദ്ര പ്രചാരണ വിഷയമാക്കിയത് . “ദീദി പുറത്തേക്ക് പോകുന്നതിനാൽ” ഗുണ്ടകൾ ഇനി മമത ബാനർജിയിൽ വിശ്വാസമർപ്പിക്കില്ലെന്ന് ബെഹാലയിൽ റോഡ് ഷോയ്ക്ക് ശേഷം പൊതുയോഗത്തെ അഭിസംബോധന ചെയ്യവേ അദ്ദേഹം പറഞ്ഞു.
‘ ദീദിയുടെ ഗുണ്ടകളെക്കുറിച്ച് വിഷമിക്കേണ്ട. തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലായിടത്തും കേന്ദ്ര സായുധ പോലീസ് സേന ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം ഇവിടെ ബിജെപി സർക്കാർ രൂപീകരിക്കപ്പെടും. എങ്കിലും, അടുത്ത 60 ദിവസത്തേക്ക് കേന്ദ്ര സായുധ പോലീസ് സേന ഇവിടെ നിലയുറപ്പിക്കും. ബംഗാളിലെ അവസാന ഘട്ട വോട്ടെടുപ്പ് പുതിയ ചരിത്രം സൃഷ്ടിക്കും. ഓരോ വോട്ടും മാറ്റത്തിന് ശക്തമായ അടിത്തറ പാകും. “താമര” ബംഗാളിൽ വിരിയുമെന്നും ‘ അമിത് ഷാ കൂട്ടിച്ചേർത്തു.
പശ്ചിമ ബംഗാൾ നിയമസഭയിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 23 നാണ് നടന്നത്. ഈ ഘട്ടത്തിൽ 92 ശതമാനത്തിലധികം പേർ വോട്ട് ചെയ്തു. രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29 ന് നടക്കും. തിരഞ്ഞെടുപ്പിന്റെ ഫലം മെയ് 4 ന് പ്രഖ്യാപിക്കും.

