വാഷിംഗ്ടൺ : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന് തിരിച്ചടി . മറ്റ് രാജ്യങ്ങൾക്ക് മേൽ ചുമത്തിയ താരിഫുകൾ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതി . നിരവധി രാജ്യങ്ങൾക്ക് മേൽ താരിഫ് ചുമത്തി ട്രംപ് തന്റെ അധികാരപരിധി ലംഘിച്ചുവെന്ന് കോടതി വിധിയിൽ പറയുന്നു .
ദേശീയ അടിയന്തരാവസ്ഥകളിൽ ഉപയോഗിക്കുന്നതിനായി രൂപകൽപ്പന ചെയ്ത നിയമപ്രകാരമാണ് ട്രംപ് താരിഫ് ചുമത്തിയതെന്നും വിധിയിൽ പറയുന്നു.ട്രംപിന്റെ നടപടിക്കെതിരെ നികുതി വർധനവ് ബാധിച്ച പ്രമുഖ കമ്പനികളും, ഡെമോക്രാറ്റിക് പാർട്ടി ഭരിക്കുന്ന 12 സംസ്ഥാനങ്ങളും നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ
കോടതിയുടെ ഈ തീരുമാനം യുഎസ് സമ്പദ്വ്യവസ്ഥയ്ക്കും, ഉപഭോക്താക്കൾക്കും, പ്രസിഡന്റിന്റെ വ്യാപാര നയത്തിനും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. സുപ്രീം കോടതിയിലെ പരാജയം ഗവൺമെന്റ് മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകൾ പിൻവലിക്കുന്നതിനും ഇറക്കുമതിക്കാർക്ക് ഗണ്യമായ റീഫണ്ട് നൽകുന്നതിനും ഇടയാക്കുമെന്ന് ട്രംപ് ഭരണകൂടം പ്രസ്താവിച്ചിരുന്നു.
താരിഫ് ചുമത്താൻ പ്രസിഡന്റിനല്ല, പാർലമെന്റിനാണ് അധികാരമെന്നും കോടതി നിരീക്ഷിച്ചു. കോൺഗ്രസിന്റെ അംഗീകാരമില്ലാതെ ഏകപക്ഷീയമായി താരിഫ് ചുമത്തുന്ന ആദ്യത്തെ പ്രസിഡന്റാണ് ട്രംപ്. നികുതി ചുമത്താനുള്ള അധികാരം പ്രസിഡന്റിന് നൽകിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് ജോൺ ജി. റോബർട്ട്സ് ജൂനിയർ പറഞ്ഞു.
“പരിധിയില്ലാത്ത തുക, കാലാവധി, വ്യാപ്തി എന്നിവയുടെ ഏകപക്ഷീയമായ താരിഫുകൾ ചുമത്താൻ അസാധാരണമായ അധികാരം പ്രസിഡന്റ് അവകാശപ്പെടുന്നു. ഈ അവകാശവാദത്തിന്റെ വ്യാപ്തി, ചരിത്രം, ഭരണഘടനാ സന്ദർഭം എന്നിവ കണക്കിലെടുക്കുമ്പോൾ, അത് പ്രയോഗിക്കുന്നതിന് അദ്ദേഹം കോൺഗ്രസ് അംഗീകാരം വാങ്ങണം ” ചീഫ് ജസ്റ്റിസ് പറഞ്ഞു.
കഴിഞ്ഞ വർഷം ആദ്യം, 1977 ലെ അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമം ഉപയോഗിച്ച് 100-ലധികം രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് തീരുവ ചുമത്തിയിരുന്നു. വ്യാപാര കമ്മി കുറയ്ക്കുകയും അമേരിക്കയിൽ ഉൽപ്പാദനം വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് തന്റെ ലക്ഷ്യമെന്നും ട്രമ്പ് പറഞ്ഞു.

