കാബൂൾ : അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കായി താലിബാൻ ഓരോ ദിവസവും പുതിയ നിയമങ്ങൾ പാസാക്കുന്നുണ്ട്. ഹിജാബ്, ബ്യൂട്ടി പാർലർ, പാർക്ക്, ഹോട്ടൽ, സ്കൂൾ, കോളേജ് എന്നീ കാര്യങ്ങളിൽ വളരെ കർശനമായ നിയമങ്ങളാണ് താലിബാൻ ഏർപ്പെടുത്തിയിരിക്കുന്നത് . ഇപ്പോഴിതാ പുതിയ നിയമം താലിബാൻ നടപ്പാക്കാൻ ഒരുങ്ങുകയാണ് . പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ സ്ത്രീകൾ താമസിക്കുന്ന റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ ജനാലകൾ നിർമ്മിക്കുന്നത് താലിബാൻ നിരോധിച്ചിട്ടുണ്ട്.
സ്ത്രീകളുടെ സ്വകാര്യത സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമമെന്നാണ് വാദം . വസ്തു ഉടമകൾക്ക് കർശനമായ പരിധികൾ ഏർപ്പെടുത്തിയിട്ടുണ്ട്. വീട് പണിയുന്നവർ മുറ്റം, അടുക്കള തുടങ്ങി സ്ത്രീകൾ സാധാരണയായി ഉപയോഗിക്കാറുളള സ്ഥലങ്ങളിൽ ജനാല പോലെ ഒന്നും നിർമിക്കരുതെന്ന് നിർദേശമുണ്ട്.
നിലവിലുള്ള കെട്ടിടങ്ങൾക്ക് ഈ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന ജനാലകൾ ഉണ്ടെങ്കിൽ, ഉടമകൾ ഉടൻ മതിൽ നിർമ്മിക്കണം. പുതിയ കെട്ടിടങ്ങളിൽ ഇത്തരം ജനാലകൾ നിർമിക്കുന്നത് തടയാൻ കർശന മേൽനോട്ടത്തിന് നിർദേശം നൽകിയിട്ടുണ്ട്.2021-ൽ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം, താലിബാൻ സ്ത്രീകൾക്ക് മേൽ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്, വീടിന് പുറത്തുള്ള വിദ്യാഭ്യാസത്തിനും തൊഴിലിനും വിലക്ക് ഏർപ്പെടുത്തി .
പൊതുസ്ഥലത്ത് പാടുന്നതും, സംസാരിക്കുന്നതും പോലും നിരോധിച്ചിരിക്കുന്നു. ചില പ്രാദേശിക റേഡിയോ, ടെലിവിഷൻ സ്റ്റേഷനുകളാകട്ടെ പെൺകുട്ടികളുടെ ശബ്ദം സംപ്രേക്ഷണം ചെയ്യുന്നതും നിർത്തി.