കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് ആക്രമണം കടുപ്പിച്ച് ഇറാൻ. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് നടത്തിയ ഡ്രോൺ ആക്രമണത്തിൽ ചില തൊഴിലാളികൾക്ക് പരിക്കേറ്റതായി കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. തെക്കൻ ഇറാനിലെ മിനാബ് നഗരത്തിലുള്ള പെൺകുട്ടികളുടെ പ്രൈമറി സ്കൂളിനു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട വിദ്യാർഥിനികളുടെ എണ്ണം 87 ആയി ഉയർന്നു.
അബുദാബിക്ക് പുറമെ ദുബായിലേക്കും ഇറാൻ ആക്രമണം വ്യാപിപ്പിച്ചു. മിസൈലുകൾ ആകാശത്തുവെച്ച്തന്നെ തകർത്തുവെന്ന് യുഎഇ അറിയിച്ചു. മിസൈലുകളുടെ അവശിഷ്ടങ്ങൾ ദുബൈ ബർ ദുബയ്, ബിസിനസ് ബേ, ഇന്റർനാഷനൽ സിറ്റി തുടങ്ങിയ വിവിധ ഭാഗങ്ങളിൽ പതിച്ചതായി പ്രദേശവാസികൾ അറിയിച്ചു.ദുബായിലെ പാം ജുമൈറയിൽ തീപ്പിടിത്തമുണ്ടായി. മിസൈലിന്റെ അവശിഷ്ടം വീണിട്ടാണോ തീപ്പിടിത്തമുണ്ടായതെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
അതേസമയം ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിജീവനോടെയുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പേര് വെളിപ്പെടുത്താത്ത ഇസ്രയേൽ വൃത്തങ്ങളെ ഉദ്ധരിച്ച്, ഖമനയി കൊല്ലപ്പെട്ടുവെന്ന് ഇസ്രയേലിന്റെ ചാനൽ 12 റിപ്പോർട്ട് ചെയ്തിരുന്നു.
മറ്റ് ഇസ്രായേൽ മാധ്യമങ്ങളും ചാനൽ 12നെ ഉദ്ധരിച്ച് ഈ വാർത്ത നൽകിയെങ്കിലും, ഔദ്യോഗിക സ്ഥിരീകരണം കാത്തിരിക്കുകയാണെന്ന് അവർ മുന്നറിയിപ്പ് നൽകിയിരുന്നു എന്നാൽ തനിക്കറിയാവുന്നിടത്തോളം ഖമേനി ഇപ്പോഴും ജീവനോടെയുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എൻബിസി ന്യൂസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

