ഇസ്ലാമാബാദ് : തെക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ രാഷ്ട്രീയ റാലിയ്ക്കിടെയുണ്ടായ ചാവേർ ബോംബ് സ്ഫോടനത്തിൽ 14 മരണം . നിരവധി പേർക്ക് പരിക്ക്. പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലെ സ്റ്റേഡിയത്തിന്റെ പാർക്കിംഗ് സ്ഥലത്താണ് സ്ഫോടനമുണ്ടായത് .. ബലൂചിസ്ഥാൻ നാഷണൽ പാർട്ടി (ബിഎൻപി) യിലെ നൂറുകണക്കിന് അംഗങ്ങൾ ഒത്തുകൂടിയ സ്ഥലത്തായിരുന്നു സ്ഫോടനമെന്നാണ് സൂചന . ദേശീയ നേതാവും മുൻ പ്രവിശ്യാ മുഖ്യമന്ത്രിയുമായ സർദാർ അതൗല്ല മെങ്കലിന്റെ ചരമവാർഷികത്തോടനുബന്ധിച്ചാണ് റാലി നടന്നതെന്ന് സർക്കാർ ഉദ്യോഗസ്ഥൻ ഹംസ ഷഫാത്ത് പറഞ്ഞു.
ഷഫാത്തിന്റെ മകൻ സർദാർ അക്തർ മെങ്കൽ അടക്കം പരിപാടിയിൽ പങ്കെടുക്കാനെത്തിയ ചില വിഐപികൾ സുരക്ഷിതനാണെന്ന് ഷഫാത്ത് പറഞ്ഞു. 30 ഓളം പേർക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. ആളുകൾ റാലിയിൽ നിന്ന് ഇറങ്ങുന്നതിനിടെ പാർക്കിംഗ് ഏരിയയിൽ ബോംബ് പൊട്ടിത്തെറിച്ചതായാണ് റിപ്പോർട്ടുകൾ .
പാർട്ടി നേതാവ് അക്തർ മെംഗൽ പ്രസംഗിച്ച് വേദി വിട്ടപ്പോഴാണ് സ്ഫോടനം നടന്നത്. അക്തർ മെംഗലിനെ ലക്ഷ്യം വച്ചാണ് സ്ഫോടനം നടത്തിയതെന്ന് സംശയിക്കുന്നു. ബലൂചിസ്ഥാന് കൂടുതൽ അവകാശങ്ങളും നിക്ഷേപങ്ങളും ആവശ്യപ്പെട്ടാണ് റാലി നടത്തിയത്.
ചാവേർ ബോംബാക്രമണമാണെന്ന് തോന്നുന്ന സ്ഫോടനത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥൻ അത്തർ റഷീദ് പറഞ്ഞു.വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലും സമാനമായ ആക്രമണമുണ്ടായി .
ചൊവ്വാഴ്ച വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ അർദ്ധസൈനിക താവളത്തിൽ നടന്ന സംയുക്ത ആക്രമണത്തിൽ ആറ് സുരക്ഷാ ഉദ്യോഗസ്ഥരും ആറ് തീവ്രവാദികളും ഉൾപ്പെടെ പന്ത്രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു.ബന്നു പട്ടണത്തിൽ പുലർച്ചെയാണ് ആക്രമണം നടന്നത് . ചാവേർ ബോംബർ സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ബേസിന്റെ അതിർത്തി മതിലിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു.
പിന്നാലെ അഞ്ച് ചാവേർ ബോംബർമാർ കൂടി എത്തിയെങ്കിലും സൈന്യം അവരെ വധിച്ചു. ഇത്തിഹാദ്-ഉൽ-മുജാഹിദീൻ ഭീകര സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.ഇറാനിയൻ അതിർത്തിക്ക് സമീപം സൈനിക വാഹനങ്ങളുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ കാർ ബോംബ് ആക്രമണത്തിൽ അഞ്ച് അർദ്ധസൈനികർ കൊല്ലപ്പെട്ടു. ചിലർക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല.
ചാവേർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ബലൂചിസ്ഥാനിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാനിൽ ഏറ്റവും കൂടുതൽ ചാവേർ ആക്രമണങ്ങൾ നടക്കുന്ന മേഖലയാണ് ബലൂചിസ്ഥാൻ.

